മല്ലപ്പള്ളി: മദ്യപിച്ചിട്ട് മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്നവർ സൂക്ഷിക്കുക കീഴ് വായ്പൂര് എസ്ഐ ബി.രമേശൻ വക ഏത്തമിടീലും പരസ്യമാപ്പു പറച്ചിലും സ്റ്റേഷനിൽ കാത്തിരിപ്പുണ്ട്. പലപ്പോഴും ഭാര്യമാരും അമ്മമാരും ആയിരിക്കും പരാതിക്കാർ. മദ്യം അകത്തുചെന്നാൽ വീട്ടിൽ ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന കുടിയന്മാരെ സ്റ്റേഷനിൽ എത്തിക്കും.
കേസ് എടുക്കേണ്ടന്ന് പരാതിക്കാർ പറയാൻ തുടങ്ങിയതോടെയാണ് കുടിച്ച് വീടിന് ഭാരമാകുന്ന കുടിയന്മാർക്ക് പുതിയ പരീക്ഷണം നൽകാൻ പോലീസ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മല്ലപ്പള്ളി മുരണി സ്വദേശിയായ യുവാവിനെ ഭാര്യയുടെയും മക്കളുടേയും മുന്പിൽവച്ച് ഏത്തമിടീക്കുകയും സ്റ്റേഷനിൽ നിന്ന് കൈകൾ കൂപ്പി ഇനി മേലിൽ കുടിക്കില്ലന്നും സത്യം ചെയ്യിച്ച് വിട്ടയച്ചത്.
എസ്ഐയുടെ നന്മയുള്ള പുത്തൻപരീക്ഷണ രീതി വിജയിച്ചെന്നാണ് പൊതുജന സംസാരം. സ്റ്റേഷനു പുറത്ത് സ്ഥാപിച്ച ബോർഡിൽ കുറിച്ചിരിക്കുന്ന ഗാന്ധിജിയുടെ വാക്കുകളും ശ്രദ്ധേയമാണ്. “”നിങ്ങൾ മനുഷ്യനാകുന്നതു കൊണ്ടു മാത്രം വലിയവനാകുന്നില്ല: മനുഷ്യത്വമുള്ളവനാകുന്പോഴാണ് വലിയവനാകുന്നത്.” എന്തായാലും ജനകീയ നടപടികളിലൂടെ ജനകീയ നാവുകയാണ് കീഴ്വായ്പൂര് എസ്ഐ ബി.രമേശനും ജനമൈത്രി പോലീസ് സ്റ്റേഷനും.