പാക്കിസ്ഥാനില്‍ 44കാരന് തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിച്ച 13കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി.
മാതാപിതാക്കള്‍ ഇല്ലായിരുന്ന സമയത്ത് വീട്ടിലെത്തി 44കാരന് ബാലികയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ഇസ്ലാമിലേക്ക് മതംമാറ്റിയ ശേഷം വിവാഹം കഴിക്കുകയും ചെയ്തു.
ഈ ഒക്ടോബര്‍ 13 നാണ് ഈ കൊച്ചു പെണ്‍കുട്ടിയെ കറാച്ചിയിലുള്ള തന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഈ ബാലികക്ക് 18 വയസ്സുണ്ടെന്ന കൃത്രിമ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഭര്‍ത്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി.
പ്രായപൂര്‍ത്തിയായെന്നും, സ്വമേധയാ മതം മാറി തന്നെ വിവാഹം കഴിച്ചെന്നും അവകാശവാദവും ഉന്നയിച്ചു. എന്നാല്‍ ലാഹോറിലും കറാച്ചിയിലും ഇതിനെതിരേ ശക്തമായ പ്രതിഷേധം നടന്നുവെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച കോടതി പെണ്‍കുട്ടി സ്വമേധയാ മതം മാറിയതാണെന്നും ഉറപ്പിച്ചു.
വിചാരണയ്ക്കിടയില്‍ ആര്‍സൂ എന്ന ഈ ബാലിക തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയണയാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന 44കാരന് അവളുടെ കൈയില്‍ പിടിച്ചു വലിച്ചു കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ ഇതിനെതിരേ ഒരു നടപടിയ്ക്കും കോടതി മുതിര്‍ന്നില്ല.
മാതാപിതാക്കള്‍ ജോലിക്ക് പോയ നേരത്ത് കറാച്ചി റെയില്‍വേ കോളനിയിലെ വീട്ടില്‍ നിന്നും തന്റെ മകളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് കുട്ടിയുടെ പിതാവ് ആരോപിച്ചത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ നടപടികള്‍ ഒന്നുമെടുത്തില്ല.
രണ്ടു ദിവസം കഴിഞ്ഞ് പൊലീസില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞത് കുട്ടി തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചെന്നും ഭര്‍ത്താവിന്റെ കൈവശം വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നുമാണ്. സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ്, അസിസ്റ്റന്‍സ് ആന്‍ഡ് സെറ്റില്‍മെന്റ് എന്ന ക്രിസ്ത്യന്‍ സംഘടനയുടെ വക്താക്കള്‍ ആരോപിക്കുന്നു.
ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോരുന്ന പെണ്‍കുട്ടികള്‍ സാധാരണയായി കോടതികളില്‍ സ്വമേധയാ മതം മാറിയതാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട് എന്നും സംഘടന ആരോപിച്ചു.
വിവാഹ സര്‍ട്ടിഫിക്കറ്റില്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് എന്നാണ് കാണിക്കുന്നതെങ്കിലും രക്ഷകര്‍ത്താക്കള്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം കുട്ടിക്ക് 13 വയസ്സ് മാത്രമാണ്. അതും കോടതിയുടെ പരിഗണനയില്‍ വന്നില്ല. മാത്രമല്ല, കേസിനു പോയശേഷം ആര്‍സുവിന്റെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്ന ജോലിയും നഷ്ടമായിരുന്നു.
തുടര്‍ന്ന് പ്രചാരണ ഗ്രൂപ്പുകളില്‍ മറ്റും ശക്തമായ രീതിയിലാണ് പൊതുജനങ്ങളുടെ പ്രതിഷേധവും സമ്മര്‍ദ്ദവും ഉണ്ടായത്. അഞ്ചു ദിവസത്തിനകം കൗമാരക്കാരിയെ കണ്ടെത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റാന്‍ സിന്ധ് ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തുകയും തട്ടിക്കൊണ്ടുപോയ അലി അസ്ഹറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
നവംബര്‍ 5ന് സിന്ധ് ഹൈക്കോടതിയില്‍ കോടതി വാദം കേള്‍ക്കുന്നതുവരെ 13 വയസുകാരി സംരക്ഷണ കസ്റ്റഡിയില്‍ തുടരും.
ഏതാനും മാസം മുമ്പ് മരിയ ഷഹബാസ് എന്ന 14കാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയും ഒരാള്‍ ഇതുപോലെ തട്ടിക്കൊണ്ടു പോയി പ്രായം തിരുത്തുകയും മതംമാറ്റുകയും ചെയ്ത് വിവാഹം കഴിച്ചിരുന്നു.
നല്ല ഉത്തമയായ ഭാര്യയായി ജീവിക്കാന്‍ പെണ്കുട്ടിയോടുപദേശിച്ച കോടതിയുടെ നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.