സീമ മോഹൻലാൽ
കൊച്ചി: കൊവിഡ് 19 ബോധവത്കരണത്തിനായി ഏകാംഗ നാടകമൊരുക്കിയിരിക്കുകയാണ് സാബു പി.ടി എന്ന സിവിൽ പോലീസ് ഓഫീസർ. “ഞ്യാൻ പരേതൻ’ എന്ന ഓണ്ലൈൻ ഏകാംഗ നാടകം ചന്തിരൂർ മായ എന്ന നാടക സമിതിയുടെ ഫേസ്ബുക്ക് പേജിലൂടെ ഏപ്രിൽ 21-നാണ് പോസ്റ്റ് ചെയ്തത്.
ഇതിനോടകം തന്നെ നാടകം വൈറൽ ആയിക്കഴിഞ്ഞു. അന്പതിനായിരത്തിലധികം ലൈക്കും 4,000 ഷെയറുമാണ് നാടകത്തിന് ലഭിച്ചിരിക്കുന്നത്. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സാബു തന്നെയാണ്.
സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്ക്ക് ധരിക്കുന്നതിന്റെയും കൈ കഴുകുന്നതിന്റെയുമൊക്കെ ആവശ്യകത, കൊറോണ ബാധിച്ച് മരിച്ചയാൾ ശവമഞ്ചത്തിൽ കിടന്ന് ഓർക്കുന്നതാണ് ഞ്യാൻ പരേതൻ എന്ന നാടകത്തിന്റെ ഇതിവൃത്തം.
സുഹൃത്തിൽ നിന്ന് ലഭിച്ച അസുഖം തന്റെ ജീവൻ എടുത്തപ്പോൾ സ്വന്തം ഭാര്യയെയും മക്കളെയും ഒരു നോക്ക് കാണാൻ പോലും കഴിയാതെ ജീവിതം വെടിയേണ്ടി വന്നതിന്റെ നിസഹായതയാണ് ഇതിലൂടെ സാബു തുറന്നുകാട്ടുന്നത്.
കൊറോണ ഡ്യൂട്ടി ചെയ്യേണ്ടി വന്നപ്പോഴുള്ള അനുഭവങ്ങളാണ് തന്നെ ഇത്തരത്തിൽ ഒരു നാടകം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് സാബു പറഞ്ഞു. അഞ്ചു മിനിറ്റാണ് നാടകത്തിന്റെ ദൈർഘ്യം.
അച്ഛൻ എന്ന ഗുരു
കലിയുഗ കലാക്ഷേത്രം എഴുപുന്ന എന്ന നാടക സമിതിയിലെ പ്രധാന നടൻ പരേതനായ പൊന്നാരിയിൽ തങ്കപ്പനാണ് സാബുവിന്റെ അച്ഛൻ. ഹാസ്യ കഥാപാത്രം ആയിരുന്നു അദ്ദേഹം ചെയ്തിരുന്നത്. അച്ഛന്റെ നാടകാഭിനയം കണ്ടാണ് സാബു വളർന്നത്.
തീരെ കുട്ടിയായിരിക്കുന്പോൾ തന്നെ നാടകവും സിനിമയുമൊക്കെ കാണിക്കാനായി അച്ഛൻ സാബുവിനെ കൊണ്ടുപോകുമായിരുന്നു. അന്നു മുതൽ തുടങ്ങിയതാണ് നാടകത്തോടുള്ള ഇഷ്ടം. അച്ഛൻ തന്നെയായിരുന്നു സാബുവിന്റെ ഗുരുവും. സ്കൂൾ പഠനകാലത്ത് കൂട്ടായും ഒറ്റയ്ക്കുമൊകെ്കേ സാബു ഇരുപതിലധികം നാടകങ്ങൾ കളിച്ചിട്ടുണ്ട്.
മോചനം, ശവംതീനി ഉറുന്പുകൾ, അഗസ്ത്യ എന്നിവയൊക്കെ ആണ് അന്നു ചെയ്തതിൽ ഹിറ്റ് ഏകാംഗ നാടകങ്ങൾ.
പോലീസ് നാടകങ്ങളിലെ നിറസാന്നിധ്യം
പോലീസിൽ എത്തിയിട്ടും സാബു നാടകത്തെ കൈവിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങി അദ്ദേഹം പല നാടകങ്ങളിലും അഭിനയിച്ചു. മനോജ് എബ്രഹാം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയിരിക്കെ ജനമൈതി സുരക്ഷാപദ്ധതിയുടെ ഭാഗമായി നിർമിച്ച നാടകങ്ങളിലെല്ലാം സാബു കഥാപാത്രമായി.
മ്മളൊന്ന് എന്ന നാടകം അന്ന് എഴുന്നൂറ് വേദികളാണ് കളിച്ചത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണത്തിനായുള്ള പ്രത്യേക ശ്രദ്ധയ്ക്ക്, എന്ന നാടകം 500 വേദികളിൽ കളിച്ചു. ട്രാഫിക് ബോധവത്കരണത്തിനായി ചെയ്ത ശുഭയാത്ര എന്ന നാടകത്തിലും സാബു പങ്കാളിയായി.
പ്രത്യേക ശ്രദ്ധയ്ക്ക് എന്ന നാടകത്തിൽ മദ്യത്തിന് അടിമയായി മരിക്കുന്ന വേലായുധൻ എന്ന കഥാപാത്രത്തെയാണ് സാബു അവതരിപ്പിച്ചത്. ഇപ്പോൾ ചെയ്ത ഞ്യാൻ പരേതൻ എന്ന നാടകത്തിൽ വേലായുധന്റെ പുനരാവിഷ്ക്കാരമാണെന്ന് സാബു പറയുന്നു. കരയരുത്, കരുതലാണ് വേണ്ടത് എന്ന സന്ദേശവുമായി ബാലപീഡനത്തിനെതിരേ ചെയ്ത ഏകാംഗ നാടകത്തിന് വളരെയധികം പ്രശംസ ലഭിച്ചതായി സാബു പറയുന്നു.
മേലുദ്യോഗസ്ഥരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും വളരെയധികം പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്ന് സാബു പറഞ്ഞു. ഞ്യാൻ പരേതൻ എന്ന നാടകം കണ്ടിട്ട് കൊച്ചി ഡിസിപി പൂങ്കുഴലി ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥർ വിളിച്ച് അഭിനന്ദിച്ചു. സിഐമാരായ അനന്തലാൽ, എസ്.വിജയശങ്കർ എന്നിവരുടെ പിന്തുണ എപ്പോഴുമുണ്ടെന്ന് സാബു പറഞ്ഞു. നാലോളം ഹ്രസ്വ ചിത്രങ്ങളിലും സാബു അഭിനയിച്ചിട്ടുണ്ട്.
കുടുംബത്തിന്റെ പിന്തുണ
ബിന്ദുവാണ് ഭാര്യ. വിദ്യാർഥികളായ ഗൗതം, ഗായത്രി, ഗൗരി എന്നിവരാണ് മക്കൾ. ഭാര്യയുടെയും മക്കളുടെയും പിന്തുണയാണ് തന്റെ വിജയത്തിനു പിന്നിലെന്ന് സാബു പറയുന്നു. കേക ആക്ടിംഗ് തിയറ്റർ എന്ന കുട്ടികളുടെ നാടകസംഘത്തിലെ മുഖ്യ സംഘാടകനാണ് ഇദ്ദേഹം.