ചെന്പേരി: ജീവിതത്തിൽ പോലീസുകാരനായ സദാനന്ദൻ സിനിമയിലും പോലീസായി കൈയടി നേടുകയാണ്. കണ്ണൂർ ജില്ലയിലെ കുടിയാൻമല പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്യുന്ന ശ്രീകണ്ഠപുരം ചേപ്പറന്പ് സ്വദേശി സദാനന്ദനാണ് സിനിമയിലും പോലീസ് വേഷമണിഞ്ഞ് ജനശ്രദ്ധനേടികൊണ്ടിരിക്കുന്നത്. അടുത്തനാളിൽ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന മലയാള സിനിമയിൽ ഒരു പ്രധാന കഥാപാത്രമായ പോലീസുകാരന്റെ പേരും സദാനന്ദൻ എന്നാണെന്നതും ശ്രദ്ധേയമാണ്.
സിനിമയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ കണ്ടെത്താൻ പോലീസുകാർ അടക്കമുള്ള നിരവധി പേരെ ഉൾപ്പെടുത്തി നടത്തിയ ഓഡിഷനിലൂടെയാണ് സദാനന്ദൻ തെരഞ്ഞെടുക്കപ്പെട്ടത്. ഈ ചിത്രം പൂർത്തിയാകുന്നതിനിടയിൽ തന്നെ സദാനന്ദന് മറ്റു രണ്ടു ചിത്രങ്ങളിൽ കൂടി അവസരം ലഭിക്കുകയുണ്ടായി.
പ്രശസ്ത സംവിധായകനും നടനുമായ ലാൽ നായകനാകുന്ന മോഹൻ കുപ്ലേരിയുടെ ചന്ദ്രഗിരി, സൈജു കുറുപ്പിനെ നായകനാക്കി അൻഷാദ് സംവിധാനം ചെയ്യുന്ന കാഴ്ചക്കപ്പുറം എന്നിവയാണ് സദാനന്ദൻ വേഷമിടുന്ന പുതിയ ചിത്രങ്ങൾ.
മികച്ച പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ വളരെ മുന്പേതന്നെ തന്റെ കഴിവു തെളിയിച്ചിട്ടുള്ള സദാനന്ദൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ബോധവത്കരണ ക്ലാസുകൾ നടത്തിയും ശ്രദ്ധേയനായിട്ടുണ്ട്.
ചെങ്ങളായി സ്വദേശിനി സ്മിതയാണു ഭാര്യ. മക്കളായ നന്ദന, അനന്തു എന്നിവർ ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്. സദാനന്ദന്റെ കുടുംബവീട് ചേപ്പറന്പിലാണെങ്കിലും ഇപ്പോൾ താമസിക്കുന്നത് ചെങ്ങളായിലാണ്.