തിരുവനന്തപുരം: പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. രാവിലെ എട്ടു മുതൽ വൈകുന്നേരം നാല് വരെയാണ് തെരഞ്ഞെടുപ്പ്. ഇന്ന് വൈകുന്നേരം തന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നിലവിലെ എൽഡിഎഫ് അനുകൂല ഭരണ സമിതി പാനലും യുഡിഎഫ് അനുകൂല പാനലുമാണ് മത്സര രംഗത്തുള്ളത്.
6000 ൽപരം പോലീസ് ഉദ്യോഗസ്ഥരാണ് വോട്ടർമാർ. നേരത്തെ തിരിച്ചറിയൽ കാർഡ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിലെയും പോലീസുകാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ചിലരെ സസ്പെൻഡ് ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിന് സുരക്ഷ നൽകേണ്ടതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ആയിരിക്കുമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കനത്ത പോലീസ് സുരക്ഷയോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.