സ്വന്തംലേഖകന്‍
കോഴിക്കോട് : ക്ഷേത്ര മഹോത്സവവുമായി ബന്ധപ്പെട്ട് പോലീസിലെ സാലറി കട്ട് ഉത്തരവ് വിവാദത്തെത്തുടര്‍ന്ന് തിരുത്തി! കോഴിക്കോട് സിറ്റി പോലീസിലെ സേനാംഗങ്ങളുടെ ശമ്പളത്തില്‍ നിന്ന് പണം ഈടാക്കാനുള്ള തീരുമാനമാണ് ഒഴിവാക്കിയത്.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തില്‍ ഏപ്രില്‍ 11,12,13 തീയതികളിലായി നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിനാണ് 50 രൂപ ഈടാക്കുന്നത്. ഇതിനെതിരേ പോലീസുകാര്‍ രംഗത്തെത്തിയതോടെ അസോസിയേഷന് നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
വിവാദ ഉത്തരവ് പുറത്തിറങ്ങിയതിനെക്കുറിച്ച് “രാഷ്ട്രദീപിക’ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അസോസിയേഷന് നേതാക്കള്‍ ഇടപെട്ടു പരിഹാരമുണ്ടാക്കിയത്. സാലറികട്ട് ചെയ്യുന്ന തീരുമാനം ഒഴിവാക്കാമെന്നാണ് അസോസിയേഷന് നേതാക്കള്‍ക്ക് പോലീസ് മേധാവിമാര്‍ നല്കിയ ഉറപ്പ്.
അതേസമയം ഇതുവരെയും ഔദ്യോഗിക ഉത്തരവുകള്‍ ലഭിച്ചിട്ടില്ല. പുതിയ ഉത്തരവ് കാത്തിരിക്കുകയായാണ് പോലീസുകാര്‍. കൂടാതെ നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പണം നല്കാന് താത്പര്യമില്ലാത്തവര്‍ അറിയിക്കണമെന്നാണുള്ളത്. ഇതു സ്വകാര്യതയ്ക്കെതിരാണ്.
ഉത്തരവില്‍ സിറ്റി പോലീസ് കമ്മീഷണറും അതൃപ്തി അറിയിച്ചിരുന്നു. ഇതോടെ ഉത്തരവും റദ്ദാക്കി.വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ നടത്തിപ്പ് സിറ്റി പോലീസിനാണ്. ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് മാസത്തില്‍ 20 രൂപ ഈടാക്കുന്നുണ്ട്.
ജില്ലയിലെ 3300 പോലീസുകാരില്‍ നിന്ന് 20 രൂപ ഈടാക്കുമ്പോള്‍ 7.92 ലക്ഷം രൂപയാണ് ഓരോ വര്‍ഷവും ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനം. ഈ വരുമാനത്തില്‍ നിന്ന് മഹോത്വത്തിനുവേണ്ട ചെലവുകളും വഹിക്കാം.ഇനി മുതല്‍ സ്ഥിരമായി ശമ്പളത്തില്‍നിന്നു പിടിക്കുന്ന 20 രൂപയും പോലീസുകാരുടെ പൂര്ണസമ്മതമുണ്ടെങ്കില് മാത്രം ഈടാക്കിയാല്‍ മതിയെന്നും ധാരണയാക്കിയിട്ടുണ്ട്.
സമ്മതപത്രം പോലും വാങ്ങാതെയാണ് ശമ്പളത്തില്‍നിന്നു പണം ഈടാക്കുന്നത്. മതചിഹ്നങ്ങള്‍ പോലും പ്രകടമാക്കരുതെന്നു വ്യവസ്ഥ ചെയ്യുന്ന യൂണിഫോം ഫോഴ്സില്‍ ക്ഷേത്ര ഉത്സവത്തിനായി പണം പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പോലീസിലെ ഒരു വിഭാഗം പറയുന്നത്.
നിരീശ്വരവാദികളും അന്യമതസ്ഥരും ഉള്‍പ്പെടുന്നതാണ് സേന. അനുവാദമില്ലാതെ ഇവരില്‍ നിന്നെല്ലാം പണം ഈടാക്കുകയെന്നതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പോലീസുകാര്‍ ആരോപിക്കുന്നു.