സ്വന്തം ലേഖകന്‍
കോഴിക്കോട്: ലോക്ഡൗണ്‍ കാലമാണ്… ശമ്പളം വൈകുമോ എന്ന് ആശങ്കപ്പെടുന്നതിനിടെ വന്ന മെസേജ് കണ്ട് പോലീസുകാര്‍ ഞെട്ടി.
അക്കൗണ്ടില്‍ എത്തിയത് ശരിക്കും കിട്ടാനുള്ള ശമ്പളത്തിന്റെ ഇരട്ടിയോളം തുക. ഇനി ഞങ്ങളറിയാതെ സര്‍ക്കാര്‍ ശമ്പളം കൂട്ടിയോ…
പരസ്പരം ചോദിച്ച അവർക്ക് ഒടുവില്‍ കാര്യം മനസ്സിലായതോടെ കടുത്ത നിരാശ.
ഇന്നലെയാണ് സന്തോഷവും ഒപ്പം നിരാശയും ഒരുമിച്ച് അനുഭവിക്കുന്നതിന്റെ ‘സുഖം’ പോലീസുകാർ അറിഞ്ഞത്.
കോഴിക്കോട് സിറ്റി പരിധിയിലെ പോലീസുകാര്‍ക്കാണ് ട്രഷറിയിലെ ടെക്നിക്കല്‍ കളി മൂലം ശമ്പളം ഇരട്ടിയായത്.
വലിയ തുക അക്കൗണ്ടില്‍ വന്നതോടെ സന്തോഷിച്ചവർക്കൊക്കെ വൈകാതെ അറിയിപ്പും കിട്ടി. ഇരട്ടിച്ച തുക തിരിച്ചുപിടിക്കുമെന്ന്.
ഒരാള്‍ക്ക് രണ്ടുതവണ ശമ്പളം ഇട്ടുപോയതാണത്രെ.നിമിഷ നേരം കൊണ്ട് കെട്ടിപ്പൊക്കിയ സ്വപനകൊട്ടാരമെല്ലാം ലാത്തിയടിയേറ്റപോലെയായി.