മുക്കം: ഈ പോലീസുകാർക്ക് കൃഷി ചെയ്യാനൊക്കെ സമയം കിട്ടുമോ? അതും നിരവധി കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്ന മുക്കം സ്റ്റേഷനിലെ ഒരു പോലീസുകാരന്. മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐയും കാരശേരി കക്കാട് സ്വദേശിയുമായ സലീം മുട്ടത്തിനോട് നാട്ടുകാരും സഹപ്രവർത്തകരും നിരവധി തവണ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. പക്ഷെ കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം ഈ പോലീസുകാരന് മുന്നിൽ ഒന്നും ഒരു തടസ്സമായില്ല എന്ന് വേണം പറയാൻ.
ഔദ്യോഗിക ജീവിതത്തിരക്കിനിടയിൽ കൃഷിയിലേക്കിറങ്ങിയ സലിം ഭൂമിയിൽ പൊന്നുവിളയിക്കുകയും ചെയ്തു . സലീമും മൂന്ന് സുഹൃത്തുക്കളും ചേർന്ന് അഞ്ചു വർഷം മുന്പാണ് വീടിന് സമീപത്ത് ഒന്നരയേക്കർ സ്ഥലം വാങ്ങിയത്. ഭൂമി തരിശാക്കിയിടുന്നതിന് പകരം എന്തെങ്കിലും കൃഷി ചെയ്യാമെന്ന ചിന്തയാണ് സലീമിനെ കരനെൽ കൃഷിയിലെത്തിച്ചത്. ആഗ്രഹം കാരശ്ശേരി കൃഷി ഓഫീസർ ശുഭയുമായി പങ്കുവച്ചപ്പോൾ പൂർണ്ണ പിന്തുണ നൽകി കൃഷി ഭവനും രംഗത്തെത്തി.
പഞ്ചായത്തിന്റെ സുസ്ഥിരം നെൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50 കിലോ വിത്തും സബ്സിഡിയും നൽകി. മട്ടത്രിവേണി ഇനത്തിൽപ്പെട്ട വിത്താണ് ഉപയോഗിച്ചത്. ഒരേക്കറിൽ കൃഷിയൊരുക്കാൻ പതിനാലായിരത്തോളം രൂപയാണ് സബ്സിഡി നൽകുന്നത്. തുടർന്ന് കഴിഞ്ഞ ജൂൺ മാസത്തിൽ മണ്ണ് കിളച്ച് കുമ്മായമിട്ട് വിത്ത് വിതച്ചു. ചാണകം ഉൾപ്പടെയുള്ള ജൈവവളങ്ങളാണ് പൂർണമായും ഉപയോഗിച്ചത്.
രാവിലെ എഴുന്നേറ്റാൽ സലീം ആദ്യമെത്തുക തന്റെ കരനെൽ കൃഷിയിടത്തിലേക്കാണ്. ഔദ്യോഗിക തിരക്കുകൾക്കിടയിൽ ഒരു ദിവസം കൃഷിയിടത്തിലെത്താൽ സാധിച്ചില്ലെങ്കിൽ മക്കളെ പറഞ്ഞയയ്ക്കും. കൃഷിയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ നിർദ്ദേശങ്ങളുമായി കൃഷി ഭവൻ അധികൃതരും രംഗത്തെത്തിയതോടെ നൂറുമേനി വിളവാണ് ലഭിച്ചത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ വർഷം മൂന്ന് ഹെക്ടർ സ്ഥലത്ത് കരനെൽകൃഷിയൊരുക്കിയെന്നും ഇതിൽ ഏറ്റവും മികച്ചത് സലീമിന്റേതാണെന്നും കൃഷി ഓഫീസർ ശുഭ പറഞ്ഞു. നെൽകൃഷിയിക്ക് പുറമെ വാഴകൃഷിയിലും കോഴിവളർത്തലിലും സലീം മികവ് തെളിയിച്ചിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിന് യാതൊരു കോട്ടവും വരുത്താതെയാണ് സലീം “കർഷക’ നാകുന്നത്.
ഏറെ തിരക്കുകൾ നിറഞ്ഞ ഔദ്യോഗിക ജീവിതത്തിനിടയിൽ കൃഷി നൽകുന്ന സുഖം ചെറുതല്ലെന്ന് സലീം പറയുന്നു. വിഷ രഹിതമായ ഭക്ഷണങ്ങൾ ലഭിക്കുന്നതിനും നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും കൃഷിയോളം മറ്റൊന്നില്ലെന്ന് സലീം പറഞ്ഞു. ബുധനാഴ്ച നടന്ന കൊയ്ത്തുത്സവം കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു.