സ്വന്തം ലേഖകന്‍
കോഴിക്കോട് : സംസ്ഥാന പോലീസില്‍ വീണ്ടും സല്യൂട്ട് വിവാദം. പോലീസുകാര്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ബഹുമാനം കാണിക്കുന്നില്ലെന്ന് വ്യക്തമാക്കി തൃശൂര്‍ കോര്പറേഷന് മേയര്‍ എം.കെ.വര്‍ഗീസ് ഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് വീണ്ടും സല്യൂട്ട് വിവാദമായി മാറിയത്.
പോലീസുകാര്‍ സല്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ഡോക്ടര്‍ പരാതി നല്കിയ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് പ്രോട്ടോകോള്‍ പ്രകാരമുള്ള ആദരം പോലീസുകാര്‍ സമര്‍പ്പിക്കണമെന്ന് ഡിജിപിയോട് മേയര്‍ നിര്‍ദേശിച്ചത്.
ഇക്കഴിഞ്ഞ മാസം 15 നാണ് പരാതി ഡിജിപിക്ക് നല്‍കിയത്. തുടര്‍ന്ന് ഹെഡ്ക്വര്ട്ടേഴ്സ് എഡിജിപിക്ക് പരാതി കൈമാറിയിട്ടുണ്ട്.
പ്രോട്ടോകോൾ പറയുന്നത്
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രോട്ടോക്കോള്‍ പാലിക്കുമ്പോള്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് കോര്പറേഷന് മേയര്‍ വരുന്നത്.
എന്നാല്‍ നഗരസഭാ പരിധിയില്‍ ഔദ്യോഗിക വാഹനം പോകുമ്പോള്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ മനപൂര്‍വം കാണാത്ത രീതിയില്‍ ഒഴിഞ്ഞു മാറുന്നതായും ബഹുമാനം കാണിക്കുന്നില്ലെന്നുമാണ് പരാതി.
കീഴ്ജീവനക്കാര്‍ക്ക് സ്റ്റേറ്റ് പ്രോട്ടോകാള്‍ ഓഫീസര്‍ പുറപ്പെടുവിച്ച് ഉത്തരവിന് വിധേയമായി എങ്ങനെ ആദരം എങ്ങനെ സമര്‍പ്പിക്കേണ്ടതാണെന്ന് വ്യക്തമായ നിര്‍ദേശം കൈമാറണമെന്നുമായിരുന്നു പരാതി.
മേയറുടെ പരാതിക്കെതിരേ സേനാംഗങ്ങള്‍ അതൃപ്തിയിലാണ്. പോലീസ് അസോസിയേഷനും ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
പരാതിയിൽ ആശ്ചര്യം
” ജനാധിപത്യ സമൂഹത്തിൽ ജനപ്രതിനിധികളെ ആദരവോടെ കാണുന്ന വിഭാഗമാണ് കേരളത്തിലെ പോലീസ് സേനാ വിഭാഗം. യൂണിഫോമിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടാൽ എനിക്കും ഒരു സല്യൂട്ട് കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലർ സ്വാഭാവികമാണ്.
എന്നാൽ അതിന് നിർദ്ദേശം നൽകണം എന്ന പരാതി അയച്ചതിനെ ആശ്ചര്യത്തോടെ കാണുന്നു. കേരളത്തിന്റെ തെരുവോരങ്ങളിൽ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ല.
അവർ ട്രാഫിക് നിയന്ത്രണം ഉൾപ്പെടെയുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ്. ഇത്തരം സന്ദർഭങ്ങളിൽ സല്യൂട്ട് ഉൾപ്പെടെയുള്ള ആചാരമല്ല ചെയ്യേണ്ടത്, ഔദ്യോഗികകൃത്യം ഭംഗിയായി നിറവേറ്റുകയാണ് വേണ്ടതെന്ന വ്യക്തമായ നിർദ്ദേശം മേലുദ്യോഗസ്ഥന്മാര് നല്‍കിയിട്ടുമുണ്ട്.
സർക്കാർ പരിപാടികളിൽ ഓരോരുത്തർക്കും നൽകേണ്ട സ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോൾ വ്യവസ്ഥകൾ നിലവിലുണ്ടാകും. എന്നാൽ അത്തരം കാര്യങ്ങൾ സർക്കാർ പരിപാടികൾക്ക് മാത്രമാണ്. അല്ലാതെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥന്മാരെ കൊണ്ട് സെല്യൂട്ട് ചെയ്യിക്കാനുള്ളതല്ല .
അത് നിയമാനുസരണം അർഹതപ്പെട്ടവർക്ക് മാത്രമേ നൽകാൻ കഴിയൂ. അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും നൽകേണ്ട ഒന്നല്ലെ’ന്നും ഭരണാനുകൂല സംഘടനയായ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് (കെപിഒഎ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്. ബിജു സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
അടിമ ഉടമ വ്യവസ്ഥയുടെ ഭാഗമല്ല…
ഡിജിപിയുടെ കീഴിലുള്ള കീഴ്ജീവനക്കാര്‍ എന്നാണ് പോലീസുകാരെ പരാമര്‍ശിച്ചത്. രാജവംശ കാലത്തെ ഓര്‍മിപ്പിക്കുന്ന പരാമര്‍ശമാണിതെന്നാണ് പോലീസിലെ ഭൂരിഭാഗം പേരും പറയുന്നത്.
അടിമ ഉടമ വ്യവസ്ഥയുടെ ഭാഗമല്ല സല്ല്യൂട്ട് . അത് സേനാവിഭാഗങ്ങളിലെ അഭിവാദന പ്രത്യഭിവാദന രീതിയാണെന്നും കീഴുദ്യോഗസ്ഥന് മേലുദ്യേഗസ്ഥനെ കാണുമ്പോള്‍ അടിമ മനോഭാവം പ്രകടിപ്പിക്കാന്‍ ചെയ്യുന്ന കീഴ് വഴക്കരീതിയല്ല സല്ല്യൂട്ടെന്നുമാണ് പോലീസുകാര്‍ പറയുന്നത്.
ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ സര്‍വീസിലെ ഗസറ്റഡ് റാങ്കിലുള്ള ഡോക്ടര്‍മാരെ പോലീസ് സെല്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ഒരു ഡോക്ടര്‍ ഔദ്യോഗികമായി കത്തയച്ചിരുന്നു .
സല്യൂട്ടിന്റെ പ്രധാന്യം പോലുമറിയാതെയാണ് പോലീസിന്റെ യശസിനെ ബാധിക്കുന്ന രീതിയില്‍ ഡോക്ടര്‍ ഡിജിപി മുമ്പാകെ പരാതി നല്‍കിയതെന്നായിരുന്നു സേനയിലെ പൊതുഅഭിപ്രായം. ചില പോലീസുകാര്‍ ഇതിനെതിരേ സമൂഹമാധ്യമങ്ങള്‍ വഴി പ്രതികരിക്കുകയും ചെയ്തിരുന്നു.