ചങ്ങനാശേരി: പാമ്പ് കടിയേറ്റ ആശുപത്രിയിലേക്കു പോകാന്‍ വാഹനം കാത്തുനിന്ന യുവതിക്ക് പ്രതിയുമായി പോയ പോലീസ് വാഹനം രക്ഷകരായി. യുവതിയെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചു ജീവന് രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട്. ബുധനാഴ്ച രാത്രി 10.30നാണ് സംഭവം. കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ് (28) വീടിന്റെ മുറ്റത്തുവച്ച് പാമ്പ് കടിച്ചത്.
ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി. ആംബുലന്‍സിനായി വഴിയില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊന്‍കുന്നം സബ് ജയിലില്‍ പ്രവേശിപ്പിക്കുന്നതിനായി ചങ്ങനാശേരി പോലീസിന്റെ വാഹനം ആവഴിയെത്തിത്. വഴിയിലെ ആള്‍ക്കൂട്ടം കണ്ട് ചങ്ങനാശേരി എസ്ഐ ടി.എം. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം നിര്‍ത്തി.
പാമ്പ് കടിയേറ്റ വിവരം അറിഞ്ഞ ഉടന്‍ വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിന്‍സീറ്റിലേക്ക് മാറ്റിയിരുത്തിയ ശേഷം ഇവര്‍ രേഷ്മയെയും പ്രദീപിനെയും പോലീസ് വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കുതിച്ചു. സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. ഷമീര്‍, ബി. ബൈജു എന്നിവരും വാഹനത്തിലുണ്ടായിരുന്നു.
ഷമീറാണ് പോലീസ് വാഹനം ഓടിച്ചിരുന്നത്. ആദ്യം രേഷ്മയെ സമീപമുള്ള വാഴൂര്‍ ടിഎംഎം ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷ നല്കിയ ശേഷം വിദഗ്ധ ചികിത്സ നല്‍കുന്നതിനായി പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലേക്ക് ഉടന്‍ എത്തിക്കാന്‍ തീരുമാനിച്ചു.ആംബുലന്‍സ് എത്താന്‍ കാത്തുനില്‍ക്കാതെ വീണ്ടും പോലീസ് ഇവരെ വാഹനത്തില്‍ കയറ്റി മാര്‍ സ്ലീവാ മെഡിസിറ്റിയിലെത്തിച്ചു.
ഇതിനുശേഷമാണ് പ്രതിയുമായി പോലീസ് സംഘം പൊന്‍കുന്നം സബ് ജയിലില്‍ എത്തിയത്. പ്രതിയെ കോടതിയില്‍ എത്തിക്കാന്‍ വൈകിയ കാരണത്തിനു പോലീസ് റിപ്പോര്‍ട്ടും ജയില്‍ അധികൃതര്‍ക്ക് നല്‍കേണ്ടി വന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച രേഷ്മ സുഖം പ്രാപിച്ചു വരുന്നു. ഇവരുടെ ഫോണ്‍ നമ്പര്‍ വാങ്ങി പോയ പോലീസ് സംഘം രാവിലെ വിളിച്ചു വിവരം അന്വേഷിച്ചതിനും രേഷ്മയുടെ കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു.