കൊച്ചി: സ്കൂൾ വാഹനങ്ങളിൽ പോലീസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ ലിറ്റിൽ സ്റ്റാർ എന്ന പേരിൽ എറണാകുളം റേഞ്ചിന് കീഴിൽ നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതടക്കം അന്പതോളം ഡ്രൈവർമാർ പിടിയിൽ.
ഇന്ന് രാവിലെ ആറ് മുതൽ ഒൻപതുവരെ കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് പരിശോധന നടന്നത്. എറണാകുളം റൂറൽ പോലീസിനും കൊച്ചി സിറ്റി പോലീസിനും കീഴിലായി ഇരുപതോളം ഡ്രൈവർമാർ പിടിയിലായപ്പോൾ കോട്ടയത്ത് 12 പേരും ആലപ്പുഴയിൽ 10 പേരും ഇടുക്കിയിൽ എട്ടുപേരും പിടിയിലായി.
സ്കൂൾ ബസുകൾ ഉൾപ്പെടെ കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കുന്ന എല്ലാത്തരം വാഹനങ്ങളും അധികൃതർ പരിശോധിച്ചു. വിവിധ സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ഡ്രൈവർമാർ മദ്യപിച്ചിരുന്നോ എന്നതിനു പുറമെ വാഹനങ്ങളുടെ അവസ്ഥ, കുട്ടികളെ കുത്തിനിറച്ചാണോ എത്തിക്കുന്നത് എന്നീ കാര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരത്തിലുള്ള വാഹനങ്ങൾ പിടികൂടി ഡ്രൈവർമാരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
എറണാകുളം സെൻട്രൽ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ നോർത്ത് പോലീസ് ഒരാളെ പിടികൂടി. എറണാകുളം റൂറൽ പോലീസിനു കീഴിൽ ആലുവയിൽമാത്രം അഞ്ച്പേർ പിടിയിലായി. മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്കൂൾ ബസ് ഡ്രൈവർമാരെയും ഒരു കോളജ് ബസിന്റെ ഡ്രൈവറടക്കമുള്ളവരാണ് പിടിയിലായത്. എറണാകുളം റേഞ്ച് ഐജി പി. വിജയന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. സമീപകാലങ്ങളിലായി സ്കൂൾ വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ഏറിവരുന്നതിനെത്തുടർന്നാണ് പോലീസിന്റെ നടപടി.
കോട്ടയത്ത് 12 പേർ പിടിയിൽ
കോട്ടയം: മദ്യപിച്ച് സ്കൂൾ വാഹനങ്ങൾ ഓടിച്ച 12 പേരെ ഇന്നു രാവിലെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പോലീസ് പിടികൂടി. ഓപ്പറേഷൻ ലിറ്റിൽ സറ്റാർ എന്ന പേരിൽ ഇന്നു രാവിലെ 6.30ന് ആരംഭിച്ച സ്പെഷൽ ഡ്രൈവിലാണ് മദ്യലഹരിയിൽ കുഞ്ഞുങ്ങളുമായി പോയ ഡ്രൈവർമാർ പിടിയിലായത്.
പിടികൂടിയ വാഹനം പോലീസ് നിയോഗിച്ച ഡ്രൈവർമാർ ഓടിച്ച് സ്കൂളിലെത്തിച്ചു. ഈ റിപ്പോർട്ട് തയാറാക്കുന്പോൾ പോലീസിന്റെ പരിശോധന അവസാനിച്ചിട്ടില്ല. പരിശോധന പൂർത്തിയായാലേ ആകെ എത്ര പേർ പിടിയിലായെന്നും എത്ര കേസ് രജിസ്റ്റർ ചെയ്തെന്നും അറിയാനാകു. മദ്യ ലഹരിയിൽ സ്കൂൾ ബസ് ഓടിച്ച മൂന്നു ഡ്രൈവർമാരെ തൃക്കൊടിത്താനം പോലീസ് പിടികൂടി. പെരുന്ന, കിളിമല എന്നിവിടങ്ങളിൽ വച്ചാണ് ഡ്രൈവർമാർ പിടിയിലായത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലും മൂന്നു ഡ്രൈവർമാരെ പിടികൂടി. കളത്തിൽപ്പടി, മാങ്ങാനം എന്നിവിടങ്ങളിൽ വച്ചാണ് മദ്യലഹരിയിൽ സ്കൂൾ ബസ് ഓടിച്ചവർ പിടിയിലായത്. വൈക്കം, കോട്ടയം ഈസ്റ്റ് സ്റ്റേഷനുകളിൽ രണ്ടു പേർ വീതവും പിടിയിലായി.
ഇതിനു പുറമെ അൻപതോളം പെറ്റിക്കേസുകളും രജിസ്റ്റർ ചെയ്തു. മദ്യലഹരിയിൽ സ്കൂൾ ബസ് ഓടിക്കുക, ഡ്രൈവർമാർക്ക് യോഗ്യതയുണ്ടോ, ബസിന് ഡോർ ചെക്കറുണ്ടോ, വാതിലുണ്ടോ, സ്കൂൾ വാഹനങ്ങളിൽ കുത്തി നിറച്ച് കുട്ടികളെ കയറ്റുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് പരിശോധിച്ചത്.
ആലപ്പുഴയിൽ പത്തു പേർ അറസ്റ്റിൽ
ആലപ്പുഴ: ബസുകളിലെ മിന്നൽ പരിശോധന പത്തു പേർ അറസ്റ്റിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ച് ഡ്രൈവർമാർ അറസ്റ്റിലായത്. ആലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ ഭാഗങ്ങളിൽ നിന്നായിട്ടാണ് ഇവർ അറസ്റ്റിലായത്. സ്കൂൾ ബസുകളിലെ സുരക്ഷ പരിശോധിക്കാനായി പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർ അറസ്റ്റിലായി.
ഇന്ന് രാവിലെ ആറുമുതൽ ഒന്പതുവരെ നടന്ന മിന്നൽ പരിശോധനയിലാണ് ഡ്രൈവറെയും വണ്ടിയും പോലീസ് കസ്റ്റഡിയിലെടുത്തത്. സ്കൂൾ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ അവരെ മറ്റു വാഹനങ്ങളിലും മറ്റ് ഡ്രൈവർമാർ മുഖേനയും പോലീസ് സ്കൂളുകളിലെത്തിച്ചു.
സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധിക്കുക, ബസുകളുടെ വേഗ പരിശോധന, സ്കൂൾ ബസുകളിൽ കുട്ടികളെ കുത്തിനിറച്ചുകൊണ്ട് പോകുന്നുണ്ടോ, ബസുകളുടെ ലൈറ്റുകൾ, വൈപ്പർ, മറ്റ് സുരക്ഷാ സംവിധാനങ്ങൾ, ഡോറുകൾ എന്നിവ പ്രവർത്തനക്ഷമമാണോ മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങൾക്കനുസൃതമായിട്ടാണോ ബസ് സർവീസ് നടത്തുന്നത്. തുടങ്ങിയവ പരിശോധിക്കുന്നതിനായിട്ടായിരുന്നു റെയ്ഡ് നടത്തിയത്. ജില്ലയുടെ പല ഭാഗത്തും പരിശോധന പുരോഗമിക്കുകയാണ്.