ശ്രീനഗർ: ജമ്മുകാഷ്മീരിൽ രണ്ടാം വിവാഹം കഴിച്ചതിന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ സ്ഥാനക്കയറ്റം തടഞ്ഞു. ബഷാരത് ഹുസൈൻ ദാറിന്റെ പ്രമോഷനാണ് രണ്ട് വർഷത്തേക്ക് തടഞ്ഞുവച്ചത്. നിയമാനുസൃതമല്ലാതെയാണ് ഇദ്ദേഹം രണ്ടാമത് വിവാഹം കഴിച്ചത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജ് കുമാർ ഗോയൽ ഉത്തരവിറക്കി. ജമ്മു കാഷ്മീർ ഡിജിപിയുടെ ഉത്തരവിനെ തുടർന്നാണ് ബഷാരത് ഹുസൈന്റെ പ്രമോഷൻ തടഞ്ഞുവയ്ക്കാൻ തീരുമാനമായത്.
ജമ്മുകഷ്മീർ തൊഴിലാളി ചട്ടവും, ജമ്മുകഷ്മീർ സിവിൽ സർവീസ് ചട്ടവും ഉദ്യോഗസ്ഥൻ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രമോഷന് പുറമേ രണ്ട് വർഷത്തെ ശമ്പള വർധനവും തടഞ്ഞുവെച്ചിട്ടുണ്ട്.
ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ ബഷാരത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സംഗതി സത്യമാണെന്ന് വ്യക്തമാകുകയായിരുന്നു.
അതേസമയം, തനിക്കെതിരെ ഉയർന്നത് വെറും ആരോപണം മാത്രമാണെന്ന് ബഷാരത് പ്രതികരിച്ചു. ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമ പ്രകാരം വേർപെടുത്തി. ഇതിന് ശേഷമാണ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയതെന്നും ബഷാരത് പറഞ്ഞു.