അനുജന് ശ്രീജിവിന്റെ കസ്റ്റഡിമരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനു സാമൂഹിക മാധ്യമങ്ങളില്‍ പിന്തുണയേറുന്നതിനിടെ, ആരോപണവിധേയരായ പോലീസുകാര്‍ക്കു വേണ്ടിയും സോഷ്യല്‍മീഡിയകളിലൂടെ പ്രചാരണം ശക്തമാവുന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെടാനും സി.ബി.ഐ. അന്വേഷണം വേണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ ആവശ്യം.
ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവര്‍ സ്വയം ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ലോക്കപ്പിലിട്ടിരിക്കുന്ന പ്രതിക്കു വിഷം കൊടുത്ത് ആരെങ്കിലും സ്വന്തം ജോലിയും ജീവിതവും തുലയ്ക്കുമോ എന്നാണ് പോലീസുകാരുടെ കുറിപ്പ് തുടങ്ങുന്നത്. പോലീസുകാരെ കണ്ണെടുത്താല്‍ കണ്ടുകൂടാത്ത ജസ്റ്റിസ് നാരായണക്കുറുപ്പായിരുന്നു കംപ്ലെയിന്റ് അതോറിറ്റിയില്‍. ശ്രീജിത്ത് എന്ന ചെറുപ്പക്കാരന് ഐക്യദാര്‍ഢ്യവുമായി കുറച്ചുപേര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ടല്ലോ. അയാള്‍ ഇരയാണത്രേ. പലര്‍ക്കും അതിന്റെ വാസ്തവം അറിയില്ലെന്ന് ഉറപ്പാണ്.പാറശാലയിലെ ഒരു കടയില്‍നിന്നു 13 മൊബൈലുകള്‍ മോഷ്ടിക്കപ്പെട്ടു. പാറശാല പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മോഷ്ടിക്കപ്പെട്ട മൊബൈലുകളില്‍ ഒരെണ്ണം ആറ്റിങ്ങല്‍ അവനവഞ്ചേരി വിലാസത്തിലുള്ള ഒരാള്‍ ഉപയോഗിക്കുന്നതായി പിന്നീടു വ്യക്തമായി.
പോലീസ് അയാള്‍ മൊബൈല്‍ വാങ്ങിയ ആറ്റിങ്ങലിലെ മൊബൈല്‍ കടയിലെത്തി. ആ കടയില്‍ മൊബൈല്‍ വിറ്റ ചെറുപ്പക്കാരന് നല്കിയ തിരിച്ചറിയല്‍ രേഖയിലൂടെയാണ് പോലീസ് ശ്രീജിവിലെത്തിയത്. മറ്റൊരു മൊബൈല്‍ കൊച്ചിയില്‍നിന്നും ഒരെണ്ണം തിരൂരില്‍നിന്നും റിക്കവര്‍ ചെയ്തു. രണ്ടും വിറ്റതു ശ്രീജിവായിരുന്നു… ഇങ്ങനെപോകുന്നു പോസ്റ്റ്. അതേസമയം ശ്രീജീവിനെ പോലീസ് കസ്റ്റഡിയില്‍ അന്നത്തെ പാറശാല സി.ഐ: ഗോപകുമാറും എ.എസ്.ഐ: ഫിലിപ്പോസും ചേര്‍ന്നു മര്‍ദിച്ചെന്നും ഇതിന് സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നെന്നും സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. മഹസര്‍ തയാറാക്കിയ എസ്.ഐ. ഡി. ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും അതോറിറ്റി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.