നാലുമാസം പ്രായമുള്ള കുഞ്ഞ് ഡോക്ടര്‍മാരുടെ ചികിത്സാപിഴവു മൂലം മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ അച്ഛനും അമ്മയ്ക്കും ലഭിച്ചത് കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ്

rudra600തിരുവനന്തപുരം:”എനിക്ക് നീതി കിട്ടണം സാറേ, ഒരു മോളേ ഈ സര്‍ക്കാരിന്റെ ഡോക്ടര്‍മാര്‍ പറഞ്ഞയച്ചു. ഇനി എന്റെ മൂത്ത മകളെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൊടുക്കാനാണ് ഇവര്‍ പറയുന്നത്” കന്റോണ്‍മെന്റ് സ്‌റ്റേഷന് മുന്നില്‍ നിന്ന്  ഈ വാക്കുകള്‍ പറയുമ്പോള്‍ സുരേഷ് ബാബു എന്ന ചെറുപ്പക്കാരന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. മൂന്നര വയസുകാരിയായ മകളെ ചൂണ്ടി സുരേഷ് ബാബു പറഞ്ഞ ഈ വാക്കുകള്‍ കേള്‍ക്കേണ്ടവര്‍ ഇപ്പോഴും ഉറക്കത്തിലാണ്. ഒരു വര്‍ഷം മുന്‍പ് തലസ്ഥാനത്തെ എസ്എടി ആശുപത്രിയില്‍ ചികിത്സ പിഴവ് കാരണം മരിച്ച ദുര്‍ഗ്ഗയുടെ മാതാ പിതാക്കള്‍ക്ക് ഇനിയും നീതി കിട്ടിയിട്ടില്ല.

അനാസ്ഥ വരുത്തിയ ആശുപത്രിക്കോ ഡോക്ടര്‍മാര്‍ക്കോ എതിരെ യാതൊരു നിയമ നടപടിയുമെടുക്കാതെ മൂന്നര വയസ്സുള്ള കുട്ടിയെയും കൊണ്ട് സമരം ചെയ്തതിന് രുദ്രയുടെ മാതാപിതാക്കളായ സുരേഷ്ബാബുവിനും ധന്യക്കുമെതിരെ കേസെടുത്തിരിക്കുകയാണ് കന്റോണ്‍മെന്റ് പൊലീസ്. തിങ്കളാഴ്ച രാവിലെ വഞ്ചിയൂര്‍ കോടതിയിലെത്താനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

നാളെ രുദ്ര മരിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇപ്പോള്‍ ഇങ്ങനെയൊരു കേസെടുത്തിരിക്കുന്നത് തന്റെ മകളോടു കാണിക്കുന്ന ക്രൂരതയുടെ അങ്ങേയറ്റമാണെന്നാണ് ഈ അച്ഛന്‍ പറയുന്നത്. ആശുപത്രി അധികൃതരുടെ പിഴവിനെ തുടര്‍ന്ന് എന്റെ മകള്‍ മരിച്ചതിന് നീതി കിട്ടാനാണ് ഞാന്‍ സമരം ചെയ്തത്. അതിന് കൊന്നുകളയുമെന്ന് പോലും ഭീഷണിയുണ്ടായി. കൊല്ലുന്നെങ്കില്‍ തങ്ങളെ മൂന്നു പേരെയും കൊന്നോട്ടെ എന്നാണ് സുരേഷ് ബാബു പറയുന്നത്. മൂന്നര വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ വെയിലത്തിരുത്തി സമരം ചെയ്യിപ്പിച്ചുവെന്നാണ് ഇപ്പോഴത്തെ കേസ്.

സുരേഷ് ബാബുവിനും ഭാര്യക്കും അച്ഛനമ്മമാരില്ല. വീട്ടില്‍ കുട്ടിയെ നോക്കാന്‍ വേറെ ആരുമില്ല എന്ന് പറഞ്ഞപ്പോള്‍ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൊടുക്കൂ എന്നായിരുന്നു പോലീസിന്റെ മറുപടി. നാലു മാസം മാത്രം പ്രായമുള്ളപ്പോഴാണ് രുദ്ര മരിക്കുന്നത്. ചികിത്സാ പിഴവ് കുടുംബം അന്ന് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. പരാതി പറയാനും മുട്ടാനും വാതിലുകളൊന്നും തന്നെ ബാക്കിയില്ല.

2016 ജൂണ്‍ 13നാണ് മലദ്വാരത്തില്‍ ഒരു ചുവപ്പ് കണ്ടതിനെ തുടര്‍ന്ന് അന്ന് രണ്ടര മാസം മാത്രം പ്രായമുള്ള കുട്ടിയേയും കൊണ്ട് തിരുവനന്തപുരം ഊരുട്ടമ്പലം സ്വദേശികളായ മാതാപിതാക്കള്‍ എസ്എടി ആശുപത്രിയില്‍ എത്തിയത്. കുട്ടികളുടെ വിഭാഗത്തില്‍ കാണിച്ചപ്പോള്‍ ത്വക്ക് വിഭാഗത്തില്‍ കാണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെ ത്വക്ക് വിഭാഗത്തില്‍ കാണിച്ച് മരുന്ന് വാങ്ങുകയും ചെയ്തു. അലര്‍ജി കാരണമാണ് എന്നാണ് അന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ക്ലോട്രിമസോണ്‍ എന്ന ഓയിന്മെന്റാണ് കുട്ടിയുടെ ദേഹത്ത് പുരട്ടിയത്. പിന്നാലെ ദേഹം മുഴുവന്‍ തീപ്പൊള്ളലേറ്റത് പോലെ പടരുകയും ചെയ്തു.വീണ്ടും ത്വക്ക് വിഭാഗത്തില്‍ കാണിച്ചപ്പോള്‍ പറഞ്ഞത് എസ്എടിയില്‍ തന്നെ കാണിക്കാനാണ്. പരിശോധിച്ച മറ്റൊരു ഡോക്ടര്‍ കുഞ്ഞിന് പോഷക കുറവാണെന്നും ‘ഉണ്ടാക്കിയാല്‍’ മാത്രം പോരെന്നും അസുഖങ്ങള്‍ക്ക് കൃത്യമായ ചികിത്സ നല്‍കണമെന്നും പറയുകയും ചെയ്തുവെന്ന് സുരേഷ് ബാബു പറയുന്നു.

എന്നാല്‍ താന്‍ ആദ്യം തന്നെ ചികിത്സ നല്‍കിയിരുന്നുവെന്നും ഇവിടുന്ന് പറഞ്ഞതനുസരിച്ചാണ് ത്വക്ക് വിഭാഗത്തില്‍ കാണിച്ചതെന്നും പറഞ്ഞപ്പോള്‍ ഡോക്ടര്‍ മാപ്പ് പറയുകയും ചെയ്തുവെന്നും സുരേഷ് പറയുന്നു. പിന്നീട് 18 ദിവസം കുട്ടിയെ രണ്ട് ആശുപത്രികളിലുമായി ചികിത്സിച്ചു. വീര്യം കൂടിയ ഓയിന്മെന്റാണ് കുട്ടിക്ക് നല്‍കിയതെന്നും തെറ്റ് പറ്റിയിട്ട് പാവങ്ങളുടെ പുറത്ത് കുറ്റം അടിച്ച് വെക്കാന്‍ വേണ്ടി പോഷക കുറവാണെന്നും അന്ന് ആശുപത്രി അധികൃതര്‍ ആരോപിച്ചു. പിന്നീട് വായിലും മൂക്കിലും ജനനേന്ദ്രീയത്തിലുമെല്ലാം ട്യൂബും മറ്റും ഇട്ട് നരകിപ്പിച്ചാണ് തന്റെ മകളെ കൊലയ്ക്ക് കൊടുത്തത് എന്ന് പറയുമ്പോള്‍ സുരേഷിന്റെയും അടുത്തു നിന്ന ഭാര്യ രമ്യയുടെയും കണ്ണു നിറയുന്നു.

കുട്ടിയുടെ മൃതദേഹം വിട്ടു കിട്ടുന്നതിനു മുമ്പ് പ്രശ്‌നമുണ്ടായപ്പോള്‍ സന്തോഷ്കുമാര്‍ എന്ന ഡോക്ടര്‍ 18 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് സമര പന്തലിലെത്തിയും ഇവര്‍ പണം വാഗ്ദാനം ചെയ്തുവെന്ന് സുരേഷ് പറയുന്നു. 159 ദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമിരുന്നപ്പോള്‍ ഭീഷണിക്ക് യാതൊരു കുറവും ഉണ്ടായില്ലെന്നും സുരേഷ് പറയുന്നു. ഒരു അകന്ന ബന്ധുവിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍ കൊത്തപ്പണിക്കും പാചകത്തിനും പോയാണ് സുരേഷ് കുടുംബം നോക്കിയിരുന്നത്. എന്നാല്‍ സമരം തുടങ്ങിയതോടെ വരുമാനം നിലയ്ക്കുകയും ചെയ്തു.
SSA
തന്റെ മകളുടെ മരണത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് പോലും ഇനിയും സമര്‍പ്പിച്ചിട്ടില്ലെന്നും സുരേഷ് പറയുന്നു.മുഖ്യന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും എല്ലാം തന്നെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്നും ദമ്പതികള്‍ പറയുന്നു. ”മകള്‍ മരിച്ചതിനെത്തുടര്‍ന്ന് സ്ഥലം എംഎല്‍എ വന്നില്ലേയെന്ന് ഒരു പത്രക്കാരന്‍ ചോദിച്ചപ്പോള്‍ ഐ.ബി സതീഷ് വന്നില്ല എന്നു ഞാന്‍ മറുപടി പറഞ്ഞു. പിന്നീട് കഴുത്തില്‍ കത്തിവെച്ചും കുട്ടിയെ കത്തി കാണിച്ച് പേടിപ്പിക്കുകയും ചെയ്തു. നീ ഐ.ബി സതീഷിനെതിരെ പറയാറായോടാ എന്നും ചോദിച്ചു.”സുരേഷ് പറയുന്നു. തങ്ങളുടെ ജീവന് ഭീഷണി നേരിടുന്നതായും  ഈ കുടുംബം പറയുന്നു. അത്‌കൊണ്ട് തന്നെയാണ് ഇപ്പോള്‍ സമരം അവസാനിപ്പിച്ചത്. നേരത്തെ കഴിഞ്ഞ നവംബറില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും സുരേഷ് ബാബു പറയുന്നു.

Related posts