ഇടുക്കിയില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കണ്ണു തകര്‍ന്നു.
ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിനെ കാര്‍ തടഞ്ഞ് മര്‍ദിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവം.
പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരുക്കേറ്റു.
പോലീസിന്റെ ലാത്തികൊണ്ടുള്ള അടിയിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദിന്റെ കണ്ണു തകര്‍ന്നത്.
കാഴ്ചയ്ക്ക് തകരാര്‍ സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ ബിലാല്‍ സമദിനെ വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടയ്ക്കല്‍, ബ്ലോക്ക് സെക്രട്ടറി ഷാനു ഖാന്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എ. ഷഫീഖ് എന്നിവര്‍ക്കും പരുക്കേറ്റു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടത്തിയ ഉന്തിലും തള്ളിലുമാണ് രണ്ടു പോലീസുകാര്‍ക്കു പരുക്കേറ്റത്. എസ്.ഐ: നസീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സക്കീര്‍ എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൊടുപുഴ ഗാന്ധി സ്ക്വയറില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് ആദ്യം പോലീസ് ലാത്തി വീശിയത്.
ഇവിടെവച്ച് നിരവധി പ്രവര്‍ത്തകര്‍ക്കു ലാത്തിയടിയേറ്റു. തുടര്‍ന്ന് മുന്നോട്ട് നീങ്ങിയ പ്രകടനം പ്രസ് ക്ലബ്് ജംഗ്ഷന് സമീപമെത്തിയപ്പോള്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന സിപിഎമ്മിന്റെ കൊടിമരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുത് മാറ്റിയതോടെ പോലീസ് വീണ്ടും ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.
ഇവിടെ പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് മര്‍ദിച്ചു. ഇതിനിടെയാണ് നാല് പ്രവര്‍ത്തകര്‍ക്ക് സാരമായി പരുക്കേറ്റത്.