പോലീസുകാരന്റെ അടിയേറ്റ് ഡിവൈഎഫ്ഐ നേതാവിന്റെ കര്‍ണപടം പൊട്ടിയതായി പരാതി.
മെഴുവേലി സതീഷ് ഭവനില്‍ എസ്. മനു സതീഷി(38)നെയാണ് ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ്.ഐ ക്രൂരമായി മര്‍ദ്ദിച്ചത്. മനു ഇപ്പോള്‍ ആശുപത്രിയിലാണ്.
സംഭവത്തെക്കുറിച്ച് മനു പറയുന്നതിങ്ങനെ… പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് എന്റെ വീട്. പോലീസുകാര്‍ക്ക് എന്നെ അറിയാവുന്നതാണ്.
ജോലിക്കിടയില്‍ ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു. അതുവഴി എത്തിയ എസ്.ഐ തടഞ്ഞു നിറുത്തി. കഞ്ചാവാണോ എന്ന് ചോദിച്ചു.
തുടര്‍ന്ന് കഞ്ചാവ് പൊതിയുണ്ടോ എന്ന് അറിയണമെന്നും വസ്ത്രം അഴിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രകോപിതനായി ജീപ്പില്‍ നിന്ന് ഇറങ്ങി വന്ന് ഇരുചെവികളും ചേര്‍ത്ത് അടിക്കുകയായിരുന്നു.
തുടര്‍ന്ന് വണ്ടിയില്‍ കയറ്റി സ്റ്റേഷനിലേക്ക് എത്തിച്ചു. നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും എത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.
തനിക്കെതിരെ മന:പ്പൂര്‍വമാണ് പോലീസ് പെരുമാറുന്നത്. ഇക്കഴിഞ്ഞ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ചുമരെഴുതാന്‍ രാത്രിയില്‍ ഇലവുംതിട്ട ജംഗ്ഷനില്‍ എത്തിയപ്പോഴും പോലീസ് അനാവശ്യമായി തട്ടിക്കയറിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞ ദിവസത്തെ മര്‍ദ്ദനം.
ചെവിക്കും കഴുത്തിനും വേദനയുണ്ട്. പരിശോധനയില്‍ കര്‍ണപുടം പൊട്ടിയതായി മനസിലായി. എസ്.ഐക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി.
എന്നാല്‍, തങ്ങള്‍ മനുവിനെ മര്‍ദ്ദിച്ചിട്ടില്ല എന്നാണ് ഇലവുംതിട്ട പോലീസിന്റെ വിശദീകരണം. പട്രോളിംഗിനിടെ പേര് ചോദിച്ചപ്പോള്‍ പറഞ്ഞില്ല.
അതുകൊണ്ടാണ് സ്റ്റേഷനില്‍ കൊണ്ടുപോയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ വിട്ടയച്ചെന്ന് പോലീസ് പറഞ്ഞു.