പി. പ്രശാന്ത്
പേരൂർക്കട: തിരുവനന്തപുരം സിറ്റി സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്കു കൂട്ടത്തോടെ സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിക്കും. മെഡിക്കൽകോളജ്, പേരൂർക്കട, പൂന്തുറ, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം സ്റ്റേഷൻ പരിധികളിൽ ജോലിചെയ്തുവന്ന സ്പെഷൽബ്രാഞ്ച് ഉദ്യോഗസ്ഥർക്കാണ് നിലവിൽ സ്ഥലം മാറ്റം. സിറ്റി പോലീസ് കമ്മീഷണറുടെ കണ്ണും കാതുമായി പ്രവർത്തിക്കുന്ന സ്പെഷൽബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള സ്ഥലം മാറ്റം രഹസ്യവിവരമുള്ള പല കേസുകളുടെയും അന്വേഷണത്തെയും പുതുതായി ലഭിക്കാവുന്ന വിവരങ്ങളെയും പ്രതികൂലമായി ബാധിക്കും.
വഴുതക്കാട് കമ്മീഷണർ ഓഫീസിനു സമീപം പ്രവർത്തിക്കുന്ന സ്പെഷൽ ബ്രാഞ്ച് ഓഫീസിൽ ജോലിചെയ്തു വരുന്നത് സിറ്റിയിലെ 21 പോലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള അത്രയും തന്നെ സ്പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥരാണ്. 24 മണിക്കൂറും കമ്മീഷണറുമായി നേരിട്ട് ബന്ധപ്പെട്ട് രഹസ്യവിവരങ്ങൾ കൈമാറാൻ ചുമതലപ്പെട്ട ഇവരിൽ പലരും വർഷങ്ങളുടെ പരിചയസന്പത്തുള്ളവരാണ്.
സിറ്റിയിൽ നടക്കാവുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളുടെ ഗൗരവം മുൻകൂട്ടി മനസിലാക്കി വിവരം കമ്മീഷണർ ഓഫീസിൽ എത്തിക്കുന്നതിൽ വളരെയേറെ പങ്കുവഹിക്കുന്നവരാണ് സ്പെഷൽബ്രാഞ്ചിലെ പോലീസുകാർ. പൂന്തുറയിൽ ജോലിനോക്കിവന്നിരുന്ന ഉദ്യോഗസ്ഥനെ മ്യൂസിയത്തേക്കു സ്ഥലം മാറ്റി. ഇവിടെ പകരം ആളെ നിയമിച്ചിട്ടില്ല.
പൂന്തുറ പോലെ എപ്പോൾ വേണമെങ്കിലും അക്രമം ഉണ്ടാകാവുന്ന ഒരു സ്റ്റേഷൻ പരിധിയിൽ ഒന്നരമാസമായി ഒരു സ്പെഷൽബ്രാഞ്ച് ഉദ്യോഗസ്ഥന്റെ സേവനമില്ല. കന്റോണ്മെന്റിൽ നിലവിലുള്ള ഒരു സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ 22 വർഷം ഈ രംഗത്തു പ്രവർത്തിച്ചുവരുന്നയാളാണ്. ഇദ്ദേഹം ഈ മാസം പെൻഷൻ പറ്റുന്നു. ഈ സ്റ്റേഷനിലേക്ക് പരിചയസന്പന്നനായ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാത്തപക്ഷം അത് സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിക്കും.
കഞ്ചാവ് കടത്തൽ, അടിപിടി, അക്രമം, നഗരത്തിലെ പ്രധാനപ്പെട്ട ജാഥകൾ, ധർണ്ണകൾ, പ്രകടനങ്ങൾ, അക്രമങ്ങൾ ഉണ്ടാകാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളെ സംബന്ധിച്ച് രഹസ്യവിവരങ്ങൾ സൂക്ഷിക്കുന്ന സ്പെഷൽബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിയമനം സിറ്റിയിലെ 21 സ്റ്റേഷനുകളിലും കാര്യക്ഷമമായി നടത്താത്തപക്ഷം അത് സിറ്റിപോലീസിന്റെ സുഗമമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.