തൊടുപുഴ: അന്യ സംസ്ഥാന തൊഴിലാളികളായ ചീട്ടുകളി സംഘത്തിൽ നിന്നും പിടിച്ചെടുത്ത പണം പോലീസ് ഉദ്യോഗസ്ഥർ വീതം വച്ചെടുത്തതായി പരാതി. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കുമ്മംകല്ലിനു സമീപത്തെ വാടക വീട്ടിൽ ചീട്ടിൽ കളിക്കുകയായിരുന്ന മൂന്നു അന്യ സംസ്ഥാന തൊഴിലാളികളെ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഒരു അഡീഷണൽ എസ്.ഐയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു.
15000 രൂപയും ഇവരിൽ നിന്നു പിടിച്ചെടുത്തിരുന്നു. എന്നാൽ കേസിൽ 4470 രൂപ മാത്രമാണ് ഉൾപ്പെടുത്തിയതെന്നാണ് പരാതി. ബാക്കി തുക അഡീഷണൽ എസ്ഐയും കൂടെ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസറും വീതം വച്ചതായാണ് പരാതി. അടുത്തിടെ വിദ്യാർഥി സംഘടനാ നേതാക്കളെ മർദിച്ചതിന്റെ പേരിൽ സ്ഥലം മാറ്റം കിട്ടിയെത്തിയ എസ്ഐയെക്കുറിച്ച് സ്പെഷ്യൽഡ ബ്രാഞ്ച് ഉടൻ റിപ്പോർട്ടു നൽകുമെന്നാണ് സൂചന.