തിരുവനന്തപുരം: കേരള പോലീസിൽ 146 തസ്തികകൾ കായിക താരങ്ങൾക്ക് നീക്കിവച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ സായുധ ബറ്റാലിയനുകളിലെ ഹവില്‍ദാര്‍ തസ്തികയാണ് വിവിധ കായിക ഇനങ്ങള്‍ക്കായി നീക്കിവച്ചതെന്നും അദ്ദേഹം അറിയിച്ചു.
അത്ലറ്റിക്സില് പുരുഷവിഭാഗത്തിന് 28 ഉം വനിതാവിഭാഗത്തില്‍ 26 ഉം തസ്തികകള്‍ അനുവദിച്ചു. ബാസ്ക്കറ്റ്ബോള്‍ പുരുഷ-വനിത ടീമുകള്‍ക്ക് 12 വീതവും വോളീബോള്‍ പുരുഷ-വനിത ടീമുകള്‍ക്ക് 12 വീതവും തസ്തിക മാറ്റിവച്ചിട്ടുണ്ട്.
ഫുട്ബോള്‍ പുരുഷടീമിലെ 18 പേര്‍ക്കും ഹാന്റ്ബോള്‍ പുരുഷടീമിലെ 12 പേര്‍ക്കും നിയമനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നീന്തലില്‍ പുരുഷ-വനിത വിഭാഗങ്ങളില്‍ യഥാക്രമം ആറും നാലും തസ്തികകളാണ് അനുവദിച്ചത്. രണ്ട് വീതം പുരുഷ-വനിത സൈക്ലിംഗ് താരങ്ങള്‍ക്കും പോലീസില്‍ നിയമനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്സില്‍ പങ്കെടുത്തവര്‍, ദേശീയ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സര്‍വകലാശാല-സ്കൂള്‍ കായികമേളകളില്‍ മെഡല്‍ നേടിയവരിൽ നിന്നും നിയമനം നല്‍കാനാണ് തീരുമാനം.
ഈ സര്‍ക്കാര്‍ വന്നതിനുശേഷം 58 കായിക താരങ്ങള്‍ക്ക് കേരള പോലീസില്‍ നിയമനം നല്‍കിയിട്ടുണ്ടെന്നും വോളിബോള്‍ വനിതാ വിഭാഗത്തില്‍ നാല് കായിക താരങ്ങള്‍ക്ക് നിയമനം നല്കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.