അഞ്ചൽ: പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ കാണാതായതിനെത്തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ അഞ്ചൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.ഏറം സ്വദേശിയായ മനോജ് (28)നെയാണ് കാണാതായത്.
ഏതാനും മാസങ്ങൾക്കു് മുമ്പ് ഏറം ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ നടന്ന അടിപിടിക്കേസിൽ പ്രതി ചേർക്കപ്പെട്ടയാളായിരുന്നു മനോജ്. പിടി കിട്ടാപ്പുള്ളിയായിരുന്ന മനോജിനെ പോലീസ് കഴിഞ്ഞ ദിവസം ഏറത്ത് നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന മനോജിനെ രാത്രി പത്തോടെ ബന്ധുക്കളും കോൺഗ്രസ് പ്രവർത്തകരും സന്ദർശിച്ചിരുന്നതാണ്. തന്നെ പോലീസ് ക്രൂരമായി മർദിച്ചുവെന്ന് മനോജ് ബന്ധുക്കളോട് പറഞ്ഞിരുന്നു. രാത്രി 11.30ഓടെ പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി ഓടി രക്ഷപ്പെട്ടെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു. ഇതേത്തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഡിസിസിപ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബി.സേതുനാഥ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സി.രാജൻ, മുൻ എം.എൽ.എ. പുനലൂർ മധു, എൻ.അഴകേശൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങളായ വലിയവിള വേണു, ഏറം സന്തോഷ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ഷീജ, എസ്.ജെ.പ്രേം രാജ് തുടങ്ങിയവർ നേതൃത്വം നൽകി.