സ്വന്തം ലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്ത് കുറ്റാന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി എല്ലാ പോലീസ് ജില്ലകളിലും ക്രൈം പോലീസ് സ്റ്റേഷന് ആരംഭിക്കാന്‍ പദ്ധതി.
ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസുകളെ പോലീസ് സ്റ്റേഷനുകളാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് ഡിജിപി സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംസ്ഥാനത്ത് 19 പോലീസ് ജില്ലകളാണുള്ളത്. ഇവിടെയെല്ലാം ജില്ലാ ക്രൈംബ്രാഞ്ചുണ്ട്. നേരത്തെയുണ്ടായിരുന്ന ക്രൈംഡിറ്റാച്ച്മെന്റാണ് ജില്ലാ ക്രൈംബ്രാഞ്ചായത്.
ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കീഴില്‍ ഒരു ഡിവൈഎഫ്പി, അസി.കമ്മീഷണര്‍ക്കാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ളത്. ജില്ലാ പോലീസ് മേധാവിമാര്‍ കൈമാറുന്ന കേസാണ് ഇവിടെ അന്വേഷിക്കുക.
നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാ ക്രൈംബ്രാഞ്ചിന് അധികാരമില്ല. ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയാണ് പതിവ്. ഇതിനാൽ അന്വേഷണത്തില്‍ ചില പരിമിതികളും നേരിടുന്നുണ്ട്.
ഇതിന് പരിഹാരമായാണ് ജില്ലാ ക്രൈംബ്രാഞ്ചിനെ എല്ലാ അധികാരവുമുള്ള പോലീസ് സ്റ്റേഷനുകളായി വിഞ്ജാപനം ചെയ്യാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.
ഡിവൈഎസ്പി എസ്എച്ച്ഒ ആകും. ആവശ്യത്തിന് തസ്തിക സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ നിയമിക്കാനുമാകും. കോഴിക്കോട് ജില്ലയിലെ കൂടത്തായി കൊലപാതക പരമ്പര ഉള്‍പ്പെടെ സംസ്ഥാനത്തെ പല നിര്‍ണായകമായ കേസുകളും ജില്ലാ ക്രൈംബ്രാഞ്ചായിരുന്നു അന്വേഷിച്ചത്.