വാഷിംഗ്ടണ്‍: മിനിയാപൊളിസിൽ പോലീസ് മർദനത്തെത്തുടർന്ന് കറുത്തവർഗക്കാരനായി ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിൽ വ്യാപക പ്രതിഷേധം. മിനിയാപൊളിസിൽ പോലീസ് സ്റ്റേഷൻ പ്രതിഷേധക്കാർ അടിച്ചുതകർത്തു. കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചാണ് ജോര്‍ജിനെ പോലീസ് കൊന്നത്.
‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന ജോർജിന്റെ നിലവിളി പ്രതിഷേധക്കാർ ഏറ്റെടുത്തിരിക്കുകയാണ്. എനിക്ക് ശ്വസിക്കാന്‍ വയ്യ, ഫ്ലോയിഡിന് നീതി വേണം തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി ആണ് പ്രതിഷേധകര്‍ തെരുവിലിറങ്ങിയിരിക്കുന്നത്.
“നിങ്ങളുടെ കാല്‍മുട്ട് എന്റെ കഴുത്തിലാണ്. എനിക്ക് ശ്വസിക്കാന്‍ വയ്യ..” എന്ന് ജോര്‍ജ് ഫ്ലോയിഡ് കരയുന്ന വീഡിയോ വൈറലായിരുന്നു. മിനിയാപൊളിസിൽ പോലീസ് സ്റ്റേഷന്റെ മുന്നില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
കുറ്റക്കാർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ടു പോലീസ് കാറിൽ നിന്നിറക്കി നിലത്തിട്ടു കഴുത്തിൽ കാൽമുട്ടൂന്നിനിന്നു ശ്വാസം മുട്ടിച്ചപ്പോഴാണു ജോർജ് ഫ്ലോയിഡ് മരിച്ചത്.
വേദനയെടുക്കുന്നെന്നും ശ്വാസം മുട്ടുന്നെന്നും വെള്ളം വേണമെന്നും ജോർജ് കരഞ്ഞപേക്ഷിച്ചിട്ടും അഞ്ച് മിനിട്ടോളം പോലീസ് ബലം പ്രയോഗിച്ചു. ഷർട്ടഴിച്ചു വിലങ്ങണിയിച്ചിരുന്നയാളുടെ മേലായിരുന്നു അതിക്രമം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചലനമറ്റ ജോർജിനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മരണം സംഭവിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. ജോർജിന്റെ അറസ്റ്റ് ചെയ്യാനുള്ള കാരണം സംബന്ധിച്ചും അവ്യക്തത തുടരുകയാണ്.
സ്ഥലത്തെ പലചരക്കുകടയിലുണ്ടായ അക്രമസംഭവുമായി ബന്ധപ്പെട്ടെത്തിയപ്പോൾ ജോർജിനെ കണ്ടു തെറ്റിദ്ധരിച്ചു കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്ന ഒരു വാദവും കള്ളനോട്ട് നല്‍കിയെന്ന കേസിലാണ് അറസ്റ്റെന്ന മറ്റൊരു വിശദീകരണവുമാണ് പോലീസ് നൽകുന്നത്.