ഗുരുവായൂർ: പരാതി അന്വേഷിക്കുന്നതിന് പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചയാൾ നായയുമായെത്തി സ്റ്റേഷനിൽ അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
എസ്ഐയെ കാറിടിപ്പിക്കാൻ ശ്രമിച്ച ഇയാൾ പോലീസുകാരെ ചവിട്ടിവീഴ്ത്തി. ഒടുവിൽ ബലപ്രയോഗത്തിലൂടെ അക്രമിയെ അറസ്റ്റ് ചെയ്തു. കൂനംമൂച്ചി തരകൻ മേലയിൽ വിൻസനെ(52)യാണ് അറസ്റ്റ് ചെയ്തത്.
കണ്ടാണശേരിയിലെ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെയാണു സംഭവം.കൂനംമൂച്ചി മണപറന്പിൽ സന്തോഷിന്റെ പരാതിയിലാണു വിൻസനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്.
നിരന്തരം വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു പരാതി. ഇരുവരോടും രാവിലെ പത്തിനു സ്റ്റേഷനിൽ ഹാജരാകാനാണ് പോലീസ് നിർദേശിച്ചി രുന്നത്.
സന്തോഷ് എത്തി കാത്തിരിക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കാറിൽ വിൻസൻ ബുൾഡോഗ് ഇനത്തിൽപ്പെട്ട നായയുമായി സ്റ്റേഷനിലെത്തി.
കാറിൽനിന്നിറങ്ങിയ വിൻസൻ സ്റ്റേഷൻവളപ്പിൽ സൂക്ഷിച്ചിരുന്ന കൈക്കോട്ടെടുത്ത് ഗേറ്റ് തകർത്തു.ഗ്രേഡ് എസ്ഐ ഗോപിനാഥന്റെ തലയ്ക്കുനേരേ കൈക്കോട്ട് വീശി ചവിട്ടിവീഴ്ത്തി.
ഗ്രേഡ് എസ്ഐ അബ്ദുറഹ്മാനു നേരേ കാറോടിച്ച് കയറ്റാനും ശ്രമംനടന്നു. എഎസ്ഐമാരായ വിൻസെന്റ്, സജീവൻ എന്നിവർക്കു നേരേയും ആക്രമണമുണ്ടായി.
ഒടുവിൽ പോലീസ് ബലംപ്രയോഗിച്ച് വിൻസനെ കീഴ്പ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.