കൊച്ചി: രാത്രി റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ യുവതിയെ കസ്റ്റഡിയിലെടുത്തു പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ച സംഭവത്തിൽ എറണാകുളം നോർത്ത് സ്റ്റേഷനിലെയും വനിതാ സ്റ്റേഷനിലെയും എസ്ഐമാർ നേരിട്ടു ഹാജരാകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
കാക്കനാട് കളക്ടറേറ്റിൽ ജനുവരി നടക്കുന്ന സിറ്റിംഗിൽ നേരിട്ടു ഹാജരാകാനാണു കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ഇരുവർക്കും നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചു റിപ്പോർട്ട് ഹാജരാക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും കമ്മീഷൻ നിർദേശം നൽകി.
ഡിസംബർ ഒന്നിന് അർധരാത്രി റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നവഴിയാണു പട്രോളിംഗ് നടത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥർ യുവതിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചത്. സുഹൃത്തിന്റെ അടുത്തുനിന്നു വരികയാണെന്നു പറഞ്ഞപ്പോൾ സുഹൃത്തായ എറണാകുളം വാക്കാട് സ്വദേശി വി.എം. പ്രതീഷിനെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി.