വെള്ളറട: നിരവധി കേസുകളിലെ പ്രതിയായ ഡിവൈഎഫ്ഐ വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രിന്‍സിനെ പിടികൂടിയതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവത്തില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞദിവസം രാവിലെയാണ് പ്രിന്‍സിനെ വെള്ളറട സ്റ്റേഷനിലെ എഎസ്ഐ പെന്റേഴ്സണ് പിടികൂടിയത്. പോലീസുകാരന്റെ ഷര്‍ട്ട് വലിച്ചുകീറിയശേഷം ഓടിരക്ഷപ്പെടാനുള്ള ശ്രമം വിജയിച്ചില്ല.
പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതിയെ ഇറക്കിക്കൊണ്ടുപോകാനുള്ള ഡിവൈഎഫ്ഐ – സിപിഎം പ്രവര്‍ത്തകരുടെ ശ്രമവും വിജയിച്ചില്ല. തുടര്‍ന്നാണ് പ്രിന്‍സിനോട് കുഴഞ്ഞുവീഴല്‍ നാടകം നടത്താന്‍ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചത്. ഈസമയം പുറത്ത് ആംബുലന്‍സ് ഒരുക്കിനിര്‍ത്തിയിരുന്നു.
പ്രിന്‍സ് വീണ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഒപ്പം റോഡില്‍ ഒരുക്കിനിര്‍ത്തിയിരുന്ന ആംബുലന്‍സിന്റെ അലാറം ഒച്ചത്തില്‍ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒടുവില്‍ പ്രിന്‍സിനെ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡോക്ടറിന്റെ പരിശോധനയില്‍ പ്രിന്‍സിന് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞു വിടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി 7.45ന് പ്രിന്‍സിനെ ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് പ്രിന്‍സിനെ കോടതിയില്‍ ഹാജരാക്കി. വെള്ളറടയില്‍ സിഐ യെ എറിഞ്ഞുവീഴ്ത്തിയ കേസിലും വെള്ളറട കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ കയറി കണ്ടക്ടറെ ആക്രമിച്ച കേസിലും വാറണ്ടും മറ്റ് പത്തോളം കേസിലെയും പ്രതിയാണ് പ്രിന്‍സ്. പ്രിന്‍സിനെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവമറിഞ്ഞയുടന്‍ വെള്ളറട സ്റ്റേഷനു മുന്നില്‍ സ്റ്റേഷന് ആക്രമണത്തിന് ഒരുങ്ങിനിന്ന ഡിവൈഎഫ്ഐ – സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷനിലേയ്ക്ക് കല്ലേറ് ആരംഭിച്ചു. സര്‍ക്കിള്‍ ഓഫീസിലെ ജീപ്പും ജനാലകളും സ്റ്റേഷനുള്ളില്‍ കംപ്യൂട്ടര്‍, പ്രിന്ററും തകര്‍ന്നു. സ്റ്റേഷനു മുന്നിലുണ്ടായിരുന്ന പോലീസുകാര്‍ക്കും പരിക്കേറ്റു. പിടികിട്ടാപ്പുള്ളിയെ പിടികൂടിയ പോലീസുകാരന് അഭിവാദ്യം അര്‍പ്പിച്ച് വെള്ളറടയില്‍ ഉടനീളം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.