പെരുമ്പാവൂർ: പോലീസ് ഉദ്യോഗസ്ഥരെ ആക്രമി പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരിശോധനക്കായി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
കൊടുങ്ങല്ലൂർ തകരമട വീട്ടിൽ തൻസീർ (23), കൊണ്ടോട്ടി കിഴക്കയിൽ വീട്ടിൽ അജിത് (23), കോഴിക്കോട് മുണ്ടക്കത്താഴം സ്വദേശി ക്രിസ്റ്റഫർ (32), മാന്പ്ര ചെമ്പാട്ട് വീട്ടിൽ റിയാദ് (24) എന്നിവരാണ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത്.
മോഷണ കേസിൽ കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ പിടിയിലായ പ്രതികളെ ഫിംഗർപ്രിന്റ് പരിശോധനക്കായി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് 4.30ഓടെ എത്തിച്ചപ്പോഴാണ് സംഭവം.
വനിതാ പോലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും തുടർന്ന് മറ്റ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.സംഭവത്തിൽ എസ്ഐ ഉൾപ്പെടെ അഞ്ചോളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കുണ്ട്.
കാർ മോഷണവുമായി ബന്ധപ്പെട്ട കേസിൽ മംഗലാപുരത്ത് നിന്നുമാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ സമയത്തും പ്രതികൾ ആക്രമണ സ്വഭാവം കാണിച്ചതായും പോലീസ് പറഞ്ഞു. പ്രതികളെ പെരുമ്പാവൂർ പോലീസ് കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങും.