കുന്നംകുളം : ചാലിശേരിയിൽ ബാല സൗഹൃദ പോലീസ് സ്റ്റേഷൻ വരുന്നു. കേരള പോലീസിന്റെ ചിൽഡ്രൻ ആൻഡ് പോലീസ് (സിഎപി ) പരിപാടിയുടെ ഭാഗമായാണ് പദ്ധതി. പോലീസ് സ്റ്റേഷനിൽ 850 സ്ക്വയർഫീറ്റ് കെട്ടിടമാണ് ഇതിനായി ഒരുക്കുന്നത്.
കുഞ്ഞുങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിലെ നടപടികളും നിയമ സഹായവും ബാലസൗഹൃദ സ്റ്റേഷനിൽ ലഭ്യമാക്കും. കുട്ടികളുമായി ആശയവിനിമയം നടത്താനുള്ള മുറി, സ്ത്രീകൾക്കും മുലയൂട്ടുന്ന അമ്മമാർക്കുള്ള മുറി, ലൈബ്രറി, കളിയുപകരങ്ങൾ, ശുചി മുറി, ഇൻഫർമേഷൻ ബോർഡുകൾ, ചുമർ ചിത്രങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് സ്റ്റേഷനിൽ ഒരുക്കുക.
ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ചൈൽഡ് ലൈൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി തുടങ്ങിയ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവർത്തനം. അപായഭീഷണിയിലുള്ള കുട്ടികളുടെ ഡേറ്റബേസ് തയാറാക്കി അവരുടെ സംരക്ഷണം, സ്റ്റുഡൻസ് പോലീസ് കേഡറ്റുമായി ചേർന്ന് ബോധവത്കരണ പ്രവർത്തനവും നടക്കും.
കേരള ആഭ്യന്തര വകുപ്പിന്റെ ഒന്പതു ലക്ഷവും ടി.വി.ബലറാം എംഎൽഎയുടെ ഫണ്ടിൽ നിന്ന് 17 ലക്ഷവും ഉൾപ്പെടെ ആകെ 26 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഐ. ജി വിജയനാണ് ആശയം മുന്നോട്ടുവച്ചത്. പോലീസ് ഹൗസിംഗ് ആൻഡ് കണ്സ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണ ചുമതല.