പേരാമ്പ്ര : വീടാക്രമിച്ച കേസിലെ പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് തടഞ്ഞ് മോചിപ്പിച്ചശേഷം തൊട്ടടുത്തദിവസം സ്റ്റേഷനില്‍ ഹാജരാക്കി .
ഡിവൈഎഫ്ഐ പ്രവര്‍ത്തകനും പേരാമ്പ്ര മരുതേരി സ്വദേശിയുമായ സുധാകരനെയാണ് പേരാമ്പ്ര എഎസ്ഐ അഹമ്മദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്നതിനിടയില്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ച് ഇന്നലെ സിപിഎം -ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സിനിമാ സ്റ്റൈലില്‍ ജീപ്പിനുകുറുകേ സംഘടിച്ചെത്തി മോചിപ്പിച്ചത്.
അതിനുശേഷം ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു. അപ്പോഴും പോലീസ് കൃത്യനിര്‍വഹണം തടസപ്പെടുത്തിയവര്ക്കായി പോലീസ് “തെരച്ചില്‍ ‘ തന്നെ. മെയ്ദിനറാലിക്കെത്തിയ പ്രവര്‍ത്തകരാണ് പ്രതിയെ ഇന്നലെ വൈകുന്നേരം ബലമായി മോചിപ്പിച്ചത്.
കൂത്താളിയില്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോലീസ് സേന മുഴുവനും അവിടെയായിരുന്നതിനാല്‍ സ്ഥലത്ത് പോലീസ് കുറവായിരുന്നു. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അതിക്രമം കാണിച്ചതിനും കണ്ടാല്‍ അറിയാവുന്ന പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. എന്നാല്‍ ഇതുവരെ ആരെയും പിടികൂടാനായില്ല. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.