എരുമേലി: 41 ദിവസത്തെ ശബരിമല മണ്ഡലകാലം 16ന് തുടങ്ങും. എരുമേലി ടൗണ് പൂർണമായി നിരീക്ഷിക്കുന്നതിന് ആദ്യഘട്ടത്തിൽ 36 സ്ഥിരം കാമറകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പദ്ധതിക്ക് ഒന്നര കോടി രൂപയാണ് ചെലവിടുക. എരുമേലി പോലീസ് സ്റ്റേഷൻ നവീകരണ ജോലികളും പൂർത്തിയാകാറായി.
ഇതിന്റെ ഉത്ഘാടനം 20ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർവഹിക്കും. പോലീസിന്റേത് കൂടാതെ 15 സ്ഥിരം കാമറകൾ പഞ്ചായത്ത് സ്ഥാപിക്കുന്നുണ്ട്. ഇതിന് 15 ലക്ഷം രൂപയാണു ചെലവിടുക. മരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക്സ് വിഭാഗമാണ് പഞ്ചായത്തിന്റെ കാമറകൾ സ്ഥാപിക്കുന്നത്.
പോലീസിനു വേണ്ടി കാമറകളുടെ ജോലികൾ നിർവഹിക്കുന്നത് കെൽട്രോണാണ്. ടൗണിൽ 51 പോയിന്റുകളിലായി സ്ഥാപിക്കുന്ന പഞ്ചായത്ത് -പോലീസ് കാമറകളിലെ ദൃശ്യങ്ങൾ പോലീസ് കണ്ട്രോൾ റൂമിൽ തത്സമയം തന്നെ ലഭിക്കും. ഏതാനും കടകൾ ഒഴികെ ദേവസ്വം ബോർഡിലെ ലേലങ്ങൾ പൂർത്തിയായി.
ഒന്നാം ഘട്ടം കഴിഞ്ഞ സീസണിൽ ഉദ്ഘാടനം ചെയ്ത ജല അഥോറിറ്റിയുടെ കുടിവെള്ള പദ്ധതി ഇത്തവണ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒട്ടും ക്ഷാമമില്ലാതെ ഈ മണ്ഡലകാലം മുതൽ ശുദ്ധജലം ലഭ്യമാക്കും. ഇതിനായി പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയായി. മരാമത്ത് വകുപ്പ് ഒന്നര കോടി ചെലവിട്ടാണ് റോഡ് പണികൾ നടത്തുന്നത്.
മഴ മൂലം നീണ്ടുപോയ പണികൾ 16നു മുന്പ് പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് മരാമത്ത്. കാട് വെട്ടിത്തെളിക്കൽ, സൈൻ ബോർഡുകൾ, സീബ്രാ ലൈൻ എന്നിവയ്ക്ക് അഞ്ച് ലക്ഷം വീതം ചെലവിടും. പരന്പരാഗത കാനനപാത വെട്ടിത്തെളിക്കുന്ന പണികളിലാണ് വനം വകുപ്പ്. ജല സംരക്ഷണത്തിനായി അഞ്ച് തടയണകൾ, നദികളിൽ ലൈഫ് ഗാർഡുമാർ, കെഎസ്ആർടിസി ക്ക് പാർക്കിംഗ് കേന്ദ്രം എന്നിവയുൾപ്പെടെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.
പ്രളയത്തിൽ തകർന്ന പാതകൾ നന്നാക്കിയില്ല
എരുമേലി : മണ്ഡലകാലം ആരംഭിക്കാൻ ഒരാഴ്ച മാത്രം. രണ്ടര മാസം മുന്പ് പ്രളയത്തിൽ വിണ്ടുകീറി ഇടിഞ്ഞ ശബരിമല പാതയിലെ പട്ടിമറ്റം ജംഗ്ഷനിലെ റോഡും ഒലിച്ചുപോയ എയ്ഞ്ചൽവാലി പാലത്തിന്റെ അപ്രോച്ച് റോഡുകളും പുനർ നിർമിച്ചിട്ടില്ല. ഭരണാനുമതിയും ഫണ്ടും ലഭിക്കാൻ വൈകുന്നതാണ് കാരണമെന്ന് മരാമത്ത് ഉദ്യോഗസ്ഥർ പറയുന്നു.
സ്ഥലവും ഫണ്ടും ഉണ്ട് : ഇരിപ്പിടമാകാതെ ഫയർ
എരുമേലി : ആറു വർഷം മുന്പ് അനുവദിച്ചിട്ടും എരുമേലിയിൽ സ്ഥിരം ഫയർ സ്റ്റേഷൻ തുടങ്ങാൻ കഴിഞ്ഞില്ല. ശബരിമല സീസണിൽ ഫയർ സ്റ്റേഷന്റെ സേവനം എരുമേലിയിൽ നിർണായകമാണ്. ടൗണിന് അടുത്ത് ഓരുങ്കൽകടവിൽ ഫയർ സ്റ്റേഷനുവേണ്ടി മാസങ്ങൾക്ക് മുന്പ് ഏറ്റെടുത്ത പുറന്പോക്ക് ഭൂമി പഞ്ചായത്ത് ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. മണിമലയാറിന്റെ തീരത്തെ ഈ സ്ഥലം അനുയോജ്യവുമാണ്.
കെട്ടിടം നിർമിക്കാൻ എംഎൽഎ യുടെ ഫണ്ടിൽ നിന്നും 40 ലക്ഷം നേരത്തെ അനുവദിച്ചിരുന്നു. ടിൻ ഷീറ്റുകളിൽ നിർമിച്ച ഷെഡ്ഡാണ് ഇത്തവണയും ഫയർ ഫോഴ്സിന് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്.