കഞ്ചാവ് കേസില്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതിയെ ഒടുവില്‍ പോലീസ് പൊക്കി. ബാലുശ്ശേരി പോലീസ് സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട ഈസ്റ്റ് പേരാമ്പ്ര തണ്ടോപ്പാറ കൈപ്പാക്കനിക്കുനിയില്‍ മുഹമ്മദ് ഷെരീഫാണ് നാലു ദിവസത്തിനു ശേഷം പിടിയിലായത്.
ഈ മാസം മൂന്നിനാണ് ഷെരീഫീനെയും കൂട്ടുപ്രതിയായ ആവള ചെറുവാട്ട് കുന്നത്ത് മുഹമ്മദ് ഹര്‍ഷാദിനെയും കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ പോലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന് 4.2 കിലോഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കാന്‍ സ്റ്റേഷനു വെളിയില്‍ വെളിച്ചമുള്ള സ്ഥലത്ത് എത്തിച്ചപ്പോഴാണ് പോലീസിനെ ആക്രമിച്ച് പ്രതികള്‍ രക്ഷപ്പെട്ടത്.
കൂട്ടുപ്രതിയായ ഹര്‍ഷാദ് മണിക്കൂറുകള്‍ക്കകം പിടിയിലായെങ്കിലും ഷെരീഫ് പോലീസിന്റെ കണ്ണുവെട്ടിച്ച് അന്നു രാത്രി ഒരു വീടിന്റെ ടെറസില്‍ കഴിഞ്ഞു കൂടി.
പിറ്റേന്ന് വീട്ടിലെത്തി വസ്ത്രങ്ങളും അവശ്യവസ്തുക്കളുമെടുത്ത് മുങ്ങുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊന്നാനിയിലെ ഒരു മതസ്ഥാപനത്തില്‍ താമസിക്കുന്ന കാമുകിയെ കാണാനെത്തുകയായിരുന്നു.
ഇയാള്‍ ഇവിടെയെത്തുമെന്ന് രഹസ്യവിവരം ലഭിച്ച പോലീസ് ഇവിടെ കാത്തുനിന്ന് ഇയാളെ വലയിലാക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.