സി.സി.സോമൻ
കോട്ടയം: പോലീസ് സ്റ്റേഷനുകൾ ഇനി പരിസ്ഥിതി സൗഹൃദം. സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കാൻ ഡിജിപി നിർദേശിച്ചു. പോലീസ് സ്റ്റേഷൻ പരിസരത്ത് ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കണം. മാവ്, പ്ലാവ് തുടങ്ങിയ 20 മരങ്ങളെങ്കിലും ഏറ്റവും കുറഞ്ഞത് സ്റ്റേഷൻ പരിസരത്ത് വച്ചു പിടിപ്പിക്കണമെന്നാണ് നിർദേശമുള്ളത്.
സ്ഥല സൗകര്യമുള്ളവർക്ക് അതിൽ കൂടുതൽ വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്നതിന് അനുവാദമുണ്ട്.പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണം. പ്ലാസ്റ്റിക് ഗ്ലാസ്, കപ്പ് എന്നിവ ഉപയോഗിക്കാൻ പാടില്ല. പകരം സ്റ്റീൽ ആകാം. പോലീസ് സ്റ്റേഷൻ ഹരിത ചട്ടം പാലിക്കുന്നു എന്നുറപ്പു വരുത്തുകയും അതിനുള്ള ബോർഡ് സ്ഥാപിക്കുകയും വേണം.
പോലീസ് സ്റ്റേഷൻ പരിസരം വൃത്തിയായിരിക്കണം. മാലിന്യം അടിഞ്ഞു കൂടി വൃത്തിഹീനമാകാൻ പാടില്ല. ഇക്കാര്യത്തിൽ അതീവ ശ്രദ്ധ വേണമെന്നും ഡിജിപി നിർദേശിക്കുന്നു. സ്റ്റേഷൻ പരിസ്ഥിതി സൗഹൃദമാക്കാൻ ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
അതിനുള്ളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. സംസ്ഥാനത്തെ 468 പോലീസ് സ്റ്റേഷനുകളും പരിസ്ഥിതി സൗഹൃദമാക്കാനാണ് ഉദേശിക്കുന്നത്.