തീരാദുരിതത്തില്‍ രണ്ടു പോലീസ് സ്റ്റേഷനുകള്‍

tvm-policestationകാട്ടാക്കട:   പണം അനുവദിച്ചു. സ്ഥലം കണ്ടെത്തി. തറക്കല്ലുമിട്ടു. എന്നാല്‍ കെട്ടിടം പണി തുടങ്ങിയില്ല. ജില്ലയിലെ മാറനല്ലൂര്‍, വിളപ്പില്‍ശാല പോലീസ് സ്‌റ്റേഷനുകള്‍ ഇപ്പോഴും കഷായപ്പുരയിലും വാടകകെട്ടിടത്തിലുമായി പ്രവര്‍ത്തിക്കേണ്ട ഗതികേടിലായി. ആവശ്യത്തിന് സ്ഥല സൗകര്യമില്ലാത്തതിനാല്‍ പരാതിക്കാര്‍ക്ക് റോഡില്‍ നിന്നാണ്  പരാതി കൊടുക്കേണ്ട അവസ്ഥ. പോലീസുകാര്‍ക്ക് ആകട്ടെ നിന്നു തിരിയാന്‍ സൗകര്യവുമില്ല.  പഞ്ചായത്ത് സ്ഥലം അനുവദിച്ചിട്ടും പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് മാറനല്ലൂര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ ബിജെപിയുടെ ഇരുപത്തിനാ ലുമണിക്കൂര്‍  ഉപവാസം തുടങ്ങി. നാളെ രാവിലെ 10 വരെയാണ്  ഉപവാസം.

പുതിയ കെട്ടിടം നിര്‍മിക്കണമെന്ന പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ആവശ്യം സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബിജെപി സമരവുമായി രംഗത്തെത്തിയിരിക്കുന്നത.് മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് കുമാരി പി.എസ്. മായ, വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബിജെപിയുടെ എട്ടു  പഞ്ചായത്തംഗങ്ങളും, പാര്‍ട്ടിയുടെ മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും ഉപവസ സമരത്തില്‍ പങ്കെടുക്കും. ഉപവാസ സമരം ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. വിളപ്പില്‍ശാല, മാറനല്ലൂര്‍ പോലീസ് സ്‌റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതി അവതാളത്തിലായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കും അനക്കമില്ലാത്ത നിലയിലായി കാര്യങ്ങള്‍.

മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന നിലം പൊത്താറായ വാടക കെട്ടിടത്തിലാണ് ഇപ്പോള്‍ വിളപ്പില്‍ശാല സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.പഞ്ചായത്ത് നല്‍കിയ 20 സെന്റ് സ്ഥലത്ത് 50 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കാനായി കഴിഞ്ഞ  ഫെബ്രുവരി 24ന് തറക്കല്ലിട്ടെങ്കിലും ഇത് ഫയലില്‍ കുരുങ്ങിക്കിടക്കുകയാണ്. മാറനല്ലൂര്‍ പോലീസ് സ്‌റ്റേഷനും ഇതേ അവസ്ഥയിലാണ്. മാറനല്ലൂര്‍ പഞ്ചായത്തിന്റെ പഴയ കഷായപ്പുരയിലാണ് ഇവരുടെ പ്രവര്‍ത്തനം. ഔട്ട്‌പോസ്റ്റായിരുന്നത് ചാര്‍ജിംഗ് സ്‌റ്റേഷനാക്കി ഉയര്‍ത്തിയിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞെങ്കിലും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിരുന്നില്ല. രണ്ട് മുറിയും ചെറിയൊരു ഹാളുമുള്ള സ്‌റ്റേഷനില്‍ വനിതകളടക്കം 22 പേരാണുള്ളത്.

ആയുര്‍വേദ ആശുപത്രിയുടെ കഷായ പ്പുരയായിരുന്ന കെട്ടിടം തത്കാലത്തേക്കായിരുന്നു പഞ്ചായത്ത് വിട്ടുനല്‍കിയിരുന്നത്. സ്‌റ്റേഷന്റെ പുതിയ കെട്ടിട നിര്‍മാണം പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കുമെന്ന്  ശിലാസ്ഥാപനം നടത്തുന്നതിനിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. വിളപ്പില്‍ശാല, മാറനല്ലൂര്‍ സ്‌റ്റേഷനുകളിലായി 26 കോണ്‍സ്റ്റബിള്‍മാരും 10 വനിതാ കോണ്‍സ്റ്റബിള്‍മാരും 10 ഹെഡ് കോണ്‍സ്റ്റബിള്‍ (ഗ്രേഡ് എഎസ്‌ഐമാര്‍) നാല്  എഎസ്‌ഐ, രണ്ട് എസ്‌ഐ എന്നിവരാണുള്ളത്.

ഇവിടങ്ങളില്‍ ലോക്കപ്പ് സൗകര്യമില്ലാത്തതിനാല്‍  പ്രതികളെ പാര്‍പ്പിക്കുന്നതും ചോദ്യം ചെയ്യലും മറ്റ് സ്‌റ്റേഷനുകളിലാണ്. കഞ്ചാവ് വില്പന, വ്യാജമദ്യം, മണല്‍ കടത്തല്‍, സാമൂഹ്യവിരുദ്ധ ശല്യം, പിടിച്ചുപറി, സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം തുടങ്ങിയ കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നത് വിളപ്പില്‍ശാല, മാറനല്ലൂര്‍ സ്‌റ്റേഷന്‍ പരിധിയിലാണ്. ഫണ്ട് അനുവദിച്ചെങ്കിലും കെട്ടിട നിര്‍മാണം നടത്തുന്ന പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് തുക കൈമാറിയിരുന്നില്ല. അതിനാലാണ് പണി ആരംഭിക്കാത്തതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

Related posts