ചെറുതോണി: പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പ്രതി സ്റ്റേഷന്റെ സംരക്ഷണ ഭിത്തിയിൽനിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മുരിക്കാശേരി മൂങ്ങാപ്പാറ കളപ്പുരയ്ക്കൽ ഷാജിയുടെ മകൻ ഷാൽബിൻ (21) ആണ് മുരിക്കാശേരി പോലീസ് സ്റ്റേഷന്റെ മുറ്റത്തുനിന്നു 30 അടിയോളം താഴ്ചയിലുള്ള റോഡിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം.
മൂങ്ങാപ്പാറ ക്ഷേത്രത്തിന് സമീപം ഷാൽബിൽ ഉൾപ്പെടെയുള്ള യുവാക്കൾ ശല്യമുണ്ടാക്കിയതിനെതിരേ മൂങ്ങാപ്പാറ ക്ഷേത്രം ഭാരവാഹികൾ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു.
പരാതി പ്രകാരം നാല് യുവാക്കളെ മുരിക്കാശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഷാൽബിൻ പെട്ടെന്ന് പോലീസ് സ്റ്റേഷന്റെ മുറ്റത്തേക്ക് ഓടിയിറങ്ങി സംരക്ഷണ ഭിത്തിയുടെ മുകളിൽ കയറി താഴേക്ക് ചാടുകയായിരുന്നു.
പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഷാൽബിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ഇയാൾ പൊതുശല്യമാണെന്ന് നാട്ടുകാർ പറഞ്ഞു.