തിരുവനന്തപുരം: മോഷ്ടാവിൽ നിന്ന് പിടികൂടി തൊണ്ടി മുതലായി വിഴിഞ്ഞം പോലീസ് സ്റ്റേഷൻ മുറ്റത്ത് നിർത്തിയിരുന്ന ബൈക്ക് മണിക്കൂറുകൾക്കുള്ളിൽമോഷ്ടിച്ചു.
പോലീസ് സേനക്ക് നാണക്കെടു വരുത്തിയ മോഷ്ടാവിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വ്യാപകമായ അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മാസ്ക്ക് ധരിച്ച രണ്ട് പേരാണ് മോഷണത്തിനുപിന്നിലെന്ന് പോലീസ് കണ്ടെത്തി.
സ്റ്റേഷന്റെ മുറ്റത്ത് നിന്ന് ഒരാൾ ബൈക്ക് ഉരുട്ടി പുറത്തേക്ക് പോകുമ്പോൾ മറ്റൊരാൾ മുന്നിലെ റോഡിൽ നിന്ന് പരിസരം വീക്ഷിക്കുന്നതിന്റെ ദൃശ്യവും പോലീസിനു ലഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറോടെ ഉച്ചക്കട ജംഗഷന് സമീപം സ്കൂട്ടർ ഓടിച്ച് പോവുകയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തിയ യുവാവ് പറിക്കാൻ ശ്രമം നടത്തി.
വാഹനത്തോടൊപ്പം നിലത്തുവീണ യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ മോഷണശ്രമം ഉപേക്ഷിച്ച മോഷ്ടാവ് പുന്നക്കുളം റോഡിലേക്ക് ഓടിച്ച് പോയ ബൈക്ക് ചെയിൻ ഊരി വീണു.
പിന്നിൽ നാട്ടുകാർ ഉണ്ടെന്ന് മനസിലാക്കിയ മോഷ്ടാവ് ബൈക്ക്റോഡ് വക്കിൽ പൂട്ടിവച്ച ശേഷം കടന്നു കളഞ്ഞു. വിവരമറിഞ്ഞെത്തിയ വിഴിഞ്ഞം പോലീസ് പൂട്ട് തകർത്ത് ബൈക്ക് സ്റ്റേഷനിൽ എത്തിച്ച് മുറ്റത്ത് തൊണ്ടി മുതൽ സൂക്ഷിക്കുന്ന സ്ഥലത്ത് പാർക്ക് ചെയ്തു.
ചൊവ്വാഴ്ച രാവിലെ മഹസർ എഴുതാനായി പോലീസുകാർ ബൈക്ക് പരിശോധിച്ച സമയമാണ് കാണാതായ വിവരമറിയുന്നത്. തുടർന്ന് നടത്തിയസിസിടിവി പരിശോധനയിലാണ് രണ്ട് യുവാക്കൾ വാഹനം കടത്തി ക്കൊണ്ടുപോകുന്നതായി തെളിഞ്ഞത്.
നാല് മണിക്കൂർ വീതം ഷിഫ്റ്റുകളിലായി രണ്ട് പാറാവുകാരാണ് രാത്രികാലങ്ങളിൽ സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ളത്. പുലർച്ചെ അഞ്ചിന് ഷിഫ്റ്റുമാറുന്ന സമയം വരെ കാത്തിരുന്ന മോഷ്ടാവ് രാവിലെ അഞ്ചിന് വാഹനം കവരുകയായിരുന്നു.
രാത്രിയിൽ വാഹനമിരിക്കുന്ന സ്ഥലം നിരീക്ഷിച്ച സംഘം പുലർച്ചെ തന്ത്രപൂർവ്വം ഉരുട്ടി പുറത്തെത്തിച്ച ശേഷം കൈയിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് സ്റ്റാർട്ടാക്കി രക്ഷ പ്പെട്ടതായാണ് പോലീസ് നിഗമനം.
ബൈക്കിന്റെ നമ്പർ വ്യജമെന്നതും അന്വേഷണത്തിന് തടസമായി. മത്സ്യത്തൊഴിലാളികൾ പോലീസ് സ്റ്റേഷൻ ആക്രമിച്ചതിനു ശേഷം സ്റ്റേഷന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പോലീസിന്റെ മൂക്കിനു തുമ്പത്ത് നിന്ന് തൊണ്ടിമുതലുമായി മോഷ്ടാക്കൾ കടന്നത്.