തൃശൂർ: പോലീസുകാർക്കെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് നൽകേണ്ടതാർക്കാണെന്ന മേൽവിലാസം പോലീസുകാർക്കറിയാം. അത് ഒരു ബോർഡിൽ എഴുതി വച്ചിട്ടുമുണ്ട്. അതൊക്കെ ഉത്തരവനുസരിച്ച് ചെയ്യും. പക്ഷേ അത് പോലീസ് സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കണമെന്ന ഉത്തരവു മാത്രം പോലീസുകാരോട് പറയരുത്. അതൊക്കെ ഉയർന്ന ഏമാൻമാർ സ്റ്റേഷനുകളിൽ പരിശോധനയ്ക്കെത്തുന്പോൾ മാത്രം പുറത്തെടുക്കും.
അവർക്കു പരാതിയുണ്ടെങ്കിലേ പ്രശ്നം ഗുരുതരമാകൂ. അതിനാൽ അവർ എത്തുന്പോൾ കൃത്യമായി ബോർഡ് പ്രത്യക്ഷപ്പെടും. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് പീഡനം ഏൽക്കേണ്ടി വരുന്ന പൊതുജനങ്ങൾക്ക് പരാതി നൽകാൻ പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ വിലാസവും വിശദാംശങ്ങളും പോലീസ് സ്റ്റേഷനുകളിൽ ഭരണഭാഷയിൽ പൊതുജനങ്ങൾ കാണ്കെ ബോർഡ് പ്രദർശിപ്പിക്കണമെന്നാണ് സംസ്ഥാന പോലീസ് കംപ്ലെയിന്റ് അഥോറിറ്റി ഉത്തരവ് നൽകിയിരുന്നത്.
2012ലും 2014ലും സംസ്ഥാന പോലീസ് കംപ്ലെയിന്റ് അഥോറിറ്റി ചെയർമാൻമാരായിരുന്ന ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ, ജസ്റ്റിസ് നാരായണക്കുറുപ്പ് എന്നിവർ സംസ്ഥാന പോലീസ് മേധാവിക്ക് രണ്ടു തവണ ഉത്തരവ് നൽകിയിരുന്നു. തുടർന്ന് ബോർഡ് സ്ഥാപിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും കർശന നിർദ്ദേശം നൽകി. തുടർന്ന് ബോർഡ് സ്ഥാപിച്ച ഭൂരിപക്ഷം പോലീസ് സ്റ്റേഷനുകളിൽ നിന്നും ദിവസങ്ങൾക്കകം ബോർഡ് അപ്രത്യക്ഷമായി.
സ്റ്റേഷൻ പരിശോധനയ്ക്ക് ഉയർന്ന ഉദ്യോഗസ്ഥർ വരുന്നുണ്ടെന്നറിഞ്ഞാൽ തത്സമയം ബോർഡ് സ്ഥാപിക്കുകയാണ് ചില ഓഫീസിലെ രീതിയെന്നു പറയുന്നു. എന്നാൽ ബോർഡ് സ്ഥാപിക്കാത്ത വിഷയം നാളിതുവരെയായും ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നും രേഖാമൂലം ലഭിച്ച വിവരം.
എന്നാൽ തൃശൂർ കമ്മീഷണർ ഓഫീസിലും ഐജി ഓഫീസിലുമടക്കം നിയമപരായ ബോർഡ് സ്ഥാപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയർമാനും ആഭ്യന്തര വകുപ്പു സെക്രട്ടറിക്കും തെളിവു സഹിതം തൃശൂർ നേർക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി.സതീഷ് പരാതി നൽകി.