ചേർത്തല: കേസ് രജിസ്റ്റർ ചെയ്യാതെ യുവാക്കളെ തടവിലാക്കിയ സംഭവത്തിൽ അഭിഭാഷക കമ്മീഷൻ പോലീസ് സ്റ്റേഷനിൽ പരിശോധന നടത്തി. ചേർത്തല പോലീസ് സ്റ്റേഷനിലാണ് സംഭവം. തണ്ണീർമുക്കം ചാണിയിൽവീട്ടിൽ അനൂപ് അഭിഭാഷകനായ എം.എം. നിയാസ് വഴി നൽകിയ ഹർജിയിലാണ് പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്.
തന്റെ സഹോദരനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ അന്യായമായി തടഞ്ഞുവെച്ചിരിക്കുന്നുവെന്നു കാട്ടിയായിരുന്നു ഹർജി. ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ജഡ്ജി അരുണ്‍ എം കുരുവിളയാണ് ഉത്തരവിട്ടത്.
പരിശോധനക്കായി അഭിഭാഷകനായ സരുണ്‍ രാധാകൃഷ്ണനെ കമീഷനായും നിയമിച്ചു. പരാതികളെ തുടർന്ന് കസ്റ്റഡിയിലെടുത്തവരെയാണ് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നതെന്നാണ് വിവരം. 21ന് ഉച്ചക്കുശേഷം ചേർത്തല സ്റ്റേഷനിൽ പരിശോധന നടത്തിയ കമീഷൻ കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിൽ കണ്ടെത്തിയതായി റിപ്പോർട്ട് കോടതിയിൽ നൽകി.
18ന് കസ്റ്റഡിയിലെടുത്തവരെയാണ് കേസ് രജിസ്റ്റർ ചെയ്യാതെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നതെന്നും ഇതു നിയമ വിരുദ്ധമാണെന്നും കമീഷനായ സരുണ്‍ രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം പിടിയിലായ പ്രതികൾ വേറെയും കേസിലെ പ്രതികളാണെന്നും അതുസംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നുവെന്നും നിയമവ്യവസ്ഥപാലിക്കാനുള്ള സ്വാഭാവിക നടപടികൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇക്കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും ചേർത്തല പോലീസ് ഇൻസ്പക്ടർ പി.ശ്രീകുമാർ പറഞ്ഞു.