തൃശൂർ: സംസ്ഥാനത്തെ സിറ്റി, റൂറൽ പോലീസ് സ്റ്റേഷൻ പരിധികളിലെ മോഷണം, ക്രിമിനൽ, സൈബർ കേസുകൾ മുഴുവൻ രജിസ്റ്റർ ചെയ്യാതെ പോലീസിന്റെ നല്ലമേനി നടിപ്പ്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളിൽ തുന്പുകൾ കിട്ടാത്ത കേസുകൾ രജിസ്റ്റർ ചെയ്യാതെ തത്കാലത്തേക്ക് ഒഴിവാക്കുകയാണ്. രേഖകളിൽ പെന്റിംഗ് കേസുകൾ ഇല്ലെന്നു കാണിച്ചു മുഖം മിനുക്കാനാണു പോലീസ് ശ്രമം.
പ്രതികളെ പിടികൂടാൻ സാധിക്കുന്ന കേസുകൾമാത്രം രജിസ്റ്റർ ചെയ്താൽ മതിയെന്നാണു മേലധികാരികളുടെ വാമൊഴി ഉത്തരവ്.ഇത്തരത്തിലുള്ള ആയിരക്കണക്കിനു ക്രിമിനൽകേസ് പരാതികളാണു ദിനംതോറും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെടാതിരിക്കുന്നത്.
പരാതികൾ സ്വീകരിക്കാത്തതിനെതിരെ ചിലരെങ്കിലും ഉന്നത പോലീസ് മേധാവികളെ സമീപിക്കുന്നുണ്ടെങ്കിലും അവിടെയും വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണ്. സംസ്ഥാനം കുറ്റവിമുക്ത മേഖലയാണെന്നു വരുത്തിത്തീർക്കുകയാണു ലക്ഷ്യം. ഉന്നതാധികാരികളുടെ മോശപ്പെട്ട പ്രവണതയിൽ പോലീസുകാർക്കുതന്നെ ആക്ഷേപമുണ്ട്.
ഗുണ്ടാവിളയാട്ടം, കവർച്ചകൾ, വിവിധ സൈബർ കുറ്റകൃത്യങ്ങൾ, പീഡനങ്ങൾ, ലഹരിമാഫിയകളുടെ അക്രമം തുടങ്ങിയ ഗൗരവകരമായ കേസുകളാണ് പോലീസിന്റെ മുഖംമിനുക്കലിന്റെ ഭാഗമായി പരാതിപോലും സ്വീകരിക്കാതെ ഒതുങ്ങിപ്പോകുന്നത്.
ഇത്തരം നടപടികൾ കാരണം കുറ്റകൃത്യങ്ങൾ പെരുകുകയും കുറ്റവാളികൾക്കു രക്ഷപ്പെടാനുള്ള അവസരവും കുറ്റകൃത്യങ്ങൾ വർധിക്കാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്. കൈക്കൂലി വാങ്ങി പോക്സോ കേസുകൾപോലും ഒത്തുതീർപ്പാക്കുന്നതായും ആക്ഷേപമുണ്ട്.
ദിവസങ്ങൾക്കുമുന്പേ തൃശൂർ കൊക്കാലെയിലുണ്ടായ സ്വർണക്കവർച്ച, തൃശൂർ അരണാട്ടുകരയിലെ യുവതിയുടെ മോർഫ് ചെയ്തുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ച് ലോൺ ആപ്പുകാരുടെ ഭീഷണി, കൊടകരയിലെ കുഴൽപ്പണക്കേസ്, വിവിധ പണം തട്ടിപ്പുകൾ, നഗരപ്രാന്തങ്ങളിൽ ലഹരിമാഫിയകളുടെ ഗുണ്ടാവിളയാട്ടം തുടങ്ങിയവ പരാതി സ്വീകരിക്കപ്പെടാതെ പോയവയാണ്.
ഇത്തരം പല കേസുകളിലും പരാതികളിൽ വിശ്വാസ്യത പോരെന്നും വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടിയാണു നിരസിക്കപ്പെടുന്നത്. ആളപായമോ വൻ ധനനഷ്ടമോ ഉണ്ടായാൽ മാത്രം ഇടപെട്ടാൽ മതിയെന്നാണു പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചിരിക്കുന്ന നിർദേശം.
ചില പ്രമുഖ വ്യക്തികളുടെ രേഖകളില്ലാത്ത സ്വർണം, പണം (കുഴൽപണം) തുടങ്ങിയവ നഷ്ടപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്യാതെ കമ്മീഷൻ വ്യവസ്ഥയിൽ സമാന്തരമായി അന്വേഷിച്ചു പ്രതികളെ പിടികൂടുന്നതായും പറയുന്നു.
ഇതിനായി പോലീസിനകത്തു പ്രതേ്യകം ടീം ഉണ്ടെന്ന് ചില പോലീസുകാര്തന്നെ രഹസ്യമായി സമ്മതിക്കുന്നു. ഇത്തരം കേസുകൾ പിടിക്കപ്പെട്ടാലും തൊണ്ടിമുതൽ മുഴുവനായും പരാതിക്കാരനു നല്കാത്ത കളികളുമുണ്ട്.
പല ലഹരിക്കേസുകളിലും കുറ്റവാളികളെ ചൂണ്ടിക്കാട്ടിയാൽ പിടികൂടുന്നില്ലെന്നു പ്രദേശവാസികൾ ആരോപിച്ചു. പരാതിക്കാരോട് സാക്ഷികളാകാൻ നിർബന്ധിക്കുന്നതായും പറ്റില്ലെങ്കിൽ പരാതിപ്പെടാൻ വരേണ്ടെന്നുമാണു പോലീസ് ഭീഷണി.
ലഹരിക്കേസുകളിൽ പിടിക്കപ്പെട്ടവ അളവു കുറവാണെങ്കിൽ രജിസ്റ്റർ ചെയ്യാൻ പോലീസ് താത്പര്യം കാണിക്കുന്നില്ല. കേസുകൾ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന ഉന്നത പോലീസ് മേധാവികളുടെ നടപടികൾ സേനയിൽ കൈക്കൂലിക്കാരുടെ എണ്ണം വർധിപ്പിക്കും.
ടി.എ. കൃഷ്ണപ്രസാദ്