കുളത്തുപ്പുഴ:കുളത്തുപ്പുഴയിൽവാഹന പരിശോധനയുടെ പേരില്‍ നിരപാരാധികളെ പിടികൂടുന്ന കുളത്തുപ്പുഴ പോലീസിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധം. കുളത്തുപ്പുഴ പോലീസ് സ്റ്റേഷനിലെ എസ്ഐ സജിമാത്യുവിനെതിരെയാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
പകല്‍ സമയങ്ങളില്‍ വാഹന പരിശോധനക്കിറങ്ങുന്ന എസ്ഐ വഴിവക്കില്‍ നില്‍ക്കുന്നവരെയും ബൈക്കിന് മുകളില്‍ ഇരിക്കുന്നവരെയും കസ്റ്റഡിയില്‍ എടുക്കുകയും പിഴ ഈടാക്കുകയോ ചെയ്യാറുള്ളതായി സിപിഎം വർത്തകർ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്യുന്നവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അന്യമായി തടങ്കലില്‍ വയ്ക്കുന്നത് എസ്ഐയുടെ വിനോദമാണ്.
ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിളിക്കുന്ന പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരോടുള്ള പ്രതികരണവും മോശമാണ്. ചന്ദനക്കാവില്‍ വീടിന് മുന്നില്‍ സംസാരിച്ചു നിന്ന യുവാക്കളുടെ ലൈസന്‍സ് പിടിച്ചുവാങ്ങി കേസ് എടുക്കാന്‍ ശ്രമിച്ചതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്.
പോലീസ് സ്റ്റേഷനില്‍ എത്തിയ സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറി എസ് ഗോപകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലൈലാബീവി എന്നിവരേ അവഹേളിക്കുന്ന തരത്തില്‍ എസ്ഐ പ്രവര്‍ത്തിച്ചതോടെ സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു.
കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയതോടെ പോലീസ് സ്റ്റേഷന് പരിസരത്ത് സംഘര്‍ഷ സാധ്യതയും ഉടലെടുത്തു. ഒരു മണിക്കൂറിനു ശേഷം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിഎല്‍ സുധീര്‍ സ്ഥലത്ത് എത്തി സിപിഎം നേതാക്കളുമായി സംസാരിക്കുകയും അന്യമായി പിടിച്ചുവച്ച ലൈസന്‍സുകള്‍ തിരികെ നല്‍കുകയും യുവാക്കള്‍ക്കെതിരെ കേസ് എടുക്കില്ലെന്നും ഉറപ്പും നല്‍കിയതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്.
എസ്ഐ സജിമാത്യുവിനെതിരെ അന്വേഷണം നടത്തുമെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എസ്ഐക്കെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് സിപിഎം കുളത്തുപ്പുഴ ലോക്കല്‍കമ്മിറ്റി സെക്രട്ടറി എസ് ഗോപകുമാര്‍ പറഞ്ഞു. സിപിഎം ഡിവൈഎഫ്ഐ നേതാക്കളായ എസ്എല്‍ ടോം, ഷൈജു ഷാഹുല്‍ ഹമീദ്, രാജീവ്, അഭിഷാന്, ബൈജു, ഷെഫിന് എന്നിവര്‍ ഉപരോധ സമരത്തിനു നേതൃത്വം നല്കി.