കോട്ടയം: ആള്‍ക്ഷാമം കാരണം ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. എല്ലാ സ്റ്റേഷനുകളും പോലീസുകാരുടെ ക്ഷാമം നേരിടുന്നവയാണ്. പാറാവ്, ജിഡി, കോടതി,
പ്രതിക്കും വിഐപിക്കും എസ്കോര്‍ട്ട്, സമന്‍സ് വാറന്റ് സര്‍വീസ്, രാത്രികാല പട്രോളിംഗ്, പൈലറ്റ്, കേസ് അന്വേഷണം, ഓഫീസ് ഡ്യൂട്ടി തുടങ്ങി എല്ലാ ജോലികള്‍ക്കും നിലവിലെ പോലീസുകാര്‍ തികയുന്നില്ല.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സന്ദര്‍ശനം ഉണ്ടെങ്കിലോ സമരപരിപാടികള്‍ ഉണ്ടെങ്കിലോ പോലീസുകാരെല്ലാം ഇതിനു പുറകെ പോകും. പിന്നെ കേസന്വേഷണത്തിനും ഗതാഗത നിയന്ത്രണത്തിനും ആളില്ലാതെ വരുകയാണ്.
സംസ്ഥാനത്തെ ഏഴു ജില്ലകളിലായി കെഎപി, എസ്എപി ബറ്റാലിയനുകളിലായി 1536 സേനാംഗങ്ങളുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പിഎസ്സിയുടെ 13,972 പേരുടെ റാങ്ക് ലിസ്റ്റുകളും റെഡിയാണ്.
ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരില്‍നിന്ന് ഉദ്യോഗാര്‍ഥികളെ എടുത്ത് പരിശീലനം നല്കി നിയമിക്കാവുന്നതേയുള്ളൂ. പക്ഷേ അതിനുള്ള പ്രാരംഭ നടപടിപോലും ഇതുവരെ ആയിട്ടില്ല. ഇനി ആശുപത്രികളിലെ സുരക്ഷാ ചുമതലയും വന്നുചേരാന്‍ പോവുകയാണ്.
ജനസൗഹാര്‍ദ സമീപനത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ജനമൈത്രി പോലീസ് സംവിധാനം വരെ ജില്ലയില്‍ പാളുന്നതായിട്ടാണ് റിപ്പോര്‍ട്ട്. കോട്ടയം ഈസ്റ്റ്, വെസ്റ്റ് പോലീസ് സ്റ്റേഷനിലും ട്രാഫിക് സ്റ്റേഷനിലും ഏറ്റുമാനൂര്‍ സ്റ്റേഷനിലും പോലീസുകാരുടെ കുറവ് കാര്യമായിട്ടില്ല.
ജോലിഭാരം കൂടുതല്‍
ഗാന്ധിനഗര്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജോലിഭാരമുള്ള പോലീസ് സ്റ്റേഷനാണ് ഗാന്ധിനഗര്‍. എസ്എച്ച്ഒ, രണ്ട് എസ്ഐമാര്‍, നാല് ഗ്രേഡ് എസ്ഐമാര്‍, അഞ്ച് എഎസ്ഐമാര്‍, നാല് വനിതാ പോലീസ് ഉള്‍പ്പെടെ 53 പേരാണ് ഇവിടെയുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രി, എംജി യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഗാന്ധിനഗര്‍ സ്റ്റേഷന് പരിധിയിലാണ്.
100 കേസ് രജിസ്റ്റര്‍ ചെയ്താല്‍ അതില്‍ 50 എണ്ണവും മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചുള്ള മോഷണം, അടിപിടി, വിവിധ തരത്തിലുള്ള മരണങ്ങള് എന്നിവയാണ്.
വേമ്പനാട് കായലിനോടുചേര്‍ന്നുള്ള കൈപ്പുഴ മുട്ട് ഭാഗവും ഈ സ്റ്റേഷന് പരിധിയിലാണ്. കുമരകത്തു നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരം പോലും ഇല്ലാത്ത കൈപ്പുഴമുട്ട് ഭാഗം കുമരകം പോലീസ് സ്റ്റേഷന് പരിധിയിലേക്ക് ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
കടുത്ത മാനസികസംഘര്‍ഷം
ആള്ബലമില്ലാത്തതുകൊണ്ട് ദിവസങ്ങള്‍ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യം. ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കാത്തതുകൊണ്ട് മാനസികമായി ആകെ തകര്‍ന്നുപോകുന്ന അവസ്ഥയാണെന്നു ജില്ലയിലെ പോലീസ് സേനാംഗങ്ങള്‍തന്നെ വെളിപ്പെടുത്തുന്നു.
തൊട്ടതിനും പിടിച്ചതിനും കുറ്റപ്പെടുത്തല്‍. മുഖത്തു നോക്കി പരിഹസിക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന നേതാക്കള്‍. ഇതെല്ലാം മാനസിക ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.