തിരുവനന്തപുരം: പോലീസ് സ്റ്റിക്കർ പതിച്ച വാഹനത്തിൽ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തെത്തിയ എൻഐഎ കേസിലെ പ്രതി സാദിഖ് പാഷയെയും കൂട്ടാളികളെയും സിറ്റി പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സാദിഖ് പാഷ, നൂറുൽ ഹാലിക്, ഷാഹുൽ ഹമീദ്, നാസർ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾ നിലവിൽ റിമാൻഡിലാണ്. ഐഎസ്, അൽ ക്വയ്ദ എന്നീ തീവ്രവാദ സംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്ത കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന സാദിഖ് പാഷ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
തമിഴ്നാട്ടിൽ പോലീസുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സാദിഖ് പാഷ വട്ടിയൂർക്കാവിൽ നിന്നാണ് വിവാഹം കഴിച്ചിരുന്നത്.ഭാര്യയുമായുള്ള പിണക്കം ഒത്തുതീർപ്പാക്കാനും ഭാര്യയെ കൂട്ടിക്കൊണ്ട് പോകാനുമാണ് സാദിഖും സംഘവും കഴിഞ്ഞ ദിവസം വട്ടിയൂർക്കാവിലെത്തിയത്.
എന്നാൽ ഭാര്യ ഇയാളോടൊപ്പം പോകാൻ കൂട്ടാക്കിയില്ല. ഒത്തു തീർപ്പ് ചർച്ചയ്ക്കെത്തിയവരോടും ഭാര്യയുടെ ബന്ധുക്കളുമായും സാദിഖ് വാക്കേറ്റവും ഭീഷണിയും നടത്തിയെന്ന് പോലീസ് പറഞ്ഞു. ഇതേ തുടർന്നാണ് ഭാര്യ വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകിയത്.
തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് പോലീസ് സ്റ്റിക്കർ പതിച്ച വാഹനം കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിലാണ് സാദിഖ് പാഷയ്ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് സ്ഥീരികരിച്ചത്.
ചെന്നൈയിൽ നിന്നും പോലീസ് സ്റ്റിക്കർ പതിച്ച വാഹനത്തിൽ തിരുവനന്തപുരത്തേക്കുള്ള യാത്രമദ്ധ്യേ പ്രതികൾ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങൾ നടത്തിയിരുന്നുവൊയെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.