ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട നൂഹ് ജില്ലയിലെ പ്രശ്നബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ സിപിഐ പ്രതിനിധി സംഘത്തെ തടഞ്ഞ് പോലീസ്
നൂഹിലേക്ക് എത്തുന്നതിന് മുന്‍പാണ് തടഞ്ഞത്. മേഖലയില്‍ നിരോധാനജ്ഞ നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്.
നിരോധാനാജ്ഞ നിലനില്‍ക്കാത്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സംഘത്തിന് അനുമതി നല്കി.
തുടര്‍ന്ന് അക്രമസംഭവം വ്യാപിച്ച മറ്റൊരു മേഖലയായ ബാര്ഷാപൂരിലെത്തി നേതാക്കള്‍ ജനങ്ങളുമായി ആശയവിനിമയം നടത്തി.
എംപിമാരായ ബിനോയ് വിശ്വം, പി സന്തോഷ് കുമാര്‍, എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഐ നേതാവ് ദരിയാവ്സിങ് കശ്യപ് എന്നിവരുടെ സംഘമാണ് നൂഹ് സന്ദര്‍ശിക്കാന്‍ എത്തിയത്.
‘സന്ദര്‍ശന വിവരം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഒരു പ്രശ്നത്തിനും വര്‍ഗീയത പരിഹാരമല്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വിഘടന ശക്തികള്‍ ഇരുവശത്തുമുണ്ട്. അതിനാലാണ് സാഹചര്യം മനസ്സിലാക്കാന്‍ അങ്ങോട്ടേക്ക് പോകുന്നത്’ പി സന്തോഷ് കുമാര്‍ പറഞ്ഞു.
നേരത്തെ, മണിപ്പൂരിലെ കലാപബാധിത മേഖലകളിലും സിപിഐ സംഘം സന്ദര്‍ശനം നടത്തിയിരുന്നു.
മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണെന്ന പരാമര്‍ശത്തിന് എതിരെ സിപിഐ നേതാവ് ആനി രാജയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിരുന്നു.