കോട്ടയം: സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കുട്ടികൾക്കായി സുരക്ഷയൊരുക്കാൻ എക്സൈസും പോലീസും റെഡി. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ കരുതൽ’ എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി അധ്യാപകരെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി എക്സൈസ് ഉദ്യോഗസ്ഥർ യോഗങ്ങൾ ചേരും.
അധ്യാപകരും രക്ഷാകർത്താക്കളും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള ബോധവത്കരണം നടത്തും. ലഹരി വിരുദ്ധ ആശയങ്ങളടങ്ങുന്ന ക്ലാസുകളും മത്സരങ്ങളും സംഘടിപ്പിക്കും. രക്ഷിതാക്കൾക്കും കുട്ടികൾക്കും രഹസ്യവിവരങ്ങൾ എക്സൈസുമായി പങ്കുവയ്ക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 18004252818 എന്ന ടോൾ ഫ്രീ നന്പരും ക്രമികരിച്ചു. സ്കൂൾ തുറക്കുന്നതോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ശക്തമായ നിരീക്ഷണങ്ങൾ നടത്തുമെന്നു ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ അറിയിച്ചു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ ബസുകൾ നിരത്തിലിറക്കാൻ അനുവദിക്കുകയില്ല. ഡ്രൈവർമാരുടെ പൂർവകാലം പരിശോധിക്കും. സ്കൂൾ ബസിലും സ്കൂളിന് മുന്നിൽ നിറുത്തുന്ന മറ്റ് ബസുകളിലും കുട്ടികളെ വരിവരിയായി നിറുത്താൻ പോലീസിനെ നിയോഗിക്കും. സ്റ്റോപ്പുകളിൽ നിറുത്താത്ത ബസുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. അധികം കുട്ടികളെ കയറ്റി പോകുന്ന ഓട്ടോറിക്ഷകൾക്കും മറ്റു ചെറിയവാഹനങ്ങളും തടയും. ഇത്തരത്തിൽ കുട്ടികളെ കുത്തിനിറച്ച് പോകുന്ന വാഹനങ്ങൾ നിരിക്ഷിക്കാനും പ്രത്യേക പോലീസ് സംഘങ്ങളുമുണ്ടാകുമെന്നും ജില്ലാ പോലീസ് ചീഫ് അറിയിച്ചു.
ഓപ്പറേഷൻ കരുതലിന്റെ ഘടന
എക്സൈസ് ഇൻസ്പെക്ടറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെകടറോ ആണ് ഓപ്പറേഷൻ കരുതൽ ടീമിന്റെ മേധാവി. കൂടാതെ ഒരു പ്രിവന്റീവ് ഓഫീസർ, രണ്ട് സിവിൽ എക്സൈസ് ഓഫീസർ, രണ്ട് വനിതാ സിവിൽ എക്സൈസ് ഓഫീസർ എന്നിവരും ടീമിലുണ്ടാകും.
ഓപ്പറേഷൻ കരുതലിന്റെ പ്രവർത്തനം
*ക്ലാസ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുന്പമുതൽ ക്ലാസ് ആരംഭിക്കുന്നതുവരെയും സ്കൂൾ ഇടവേള സമയങ്ങളിലും ക്ലാസ് അവസാനിച്ച്അരമണിക്കൂർവരെയും ടീമംഗങ്ങൾ സ്കൂൾ പരിസരങ്ങൾ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
*ടീം അംഗങ്ങൾ സ്കൂളിലെ ഹെഡ്മാസ്റ്റർ, പിടിഎ പ്രതിനിധികൾ ലഹരിവിരുദ്ധ ക്ലബ് എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കും.
*നിലവിൽ എക്സൈസ് രൂപീകരിച്ചിട്ടുള്ള ലഹരിവിരുദ്ധ ക്ലബിന്റെ പ്രവർത്തനം ഉൗർജിതമാക്കും.
*വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന 18004252818 എന്ന ടോൾ ഫ്രീ നന്പരിലേക്ക് മദ്യം, മയക്കുമരുന്ന് തുടങ്ങിയവ സംബന്ധിച്ച് വിവരങ്ങൾ അറിയിക്കാം. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ടോൾ ഫ്രീ നന്പർ, അതാത് പ്രദേശത്തെ എക്സൈസ് ഇൻസ്പെക്്ടറുടെ ഒൗദ്യോഗിക മൊബൈൽ നന്പർ എന്നിവ പ്രദർശിപ്പിക്കും.