കുറ്റ്യാടി (കോഴിക്കോട്): ഡ്യൂട്ടിയിലിരിക്കെ പോലീസുകാരനെ പോലീസ് സ്റ്റേഷനു സമീപത്തുള്ള കെട്ടിടത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പാതിരിപ്പറ്റ മൈത്രി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന മാവുള്ള പറമ്പത്ത് സുധീഷ് (41) ആണ് ജീവനൊടുക്കിയത്.
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും വ്യാപകമായ പ്രതിഷേധമുയർത്തി. ഇന്നലെ ഡ്യൂട്ടിക്ക് എത്തിയ സുധീഷിനെ രാവിലെ 11നുശേഷം കാണാതായിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തിൽ വൈകുന്നേരം മൂന്നു മണിയോടെ ടി.ബി റോഡിലെ കെ.സി. ബില്‍ഡിംഗിന്റെ കാര്‍ പാര്‍ക്കിംഗില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി.
മരണത്തില്‍ ദുരൂഹതയുണ്ടന്ന് ആരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാന്‍ കൊണ്ടുപോയ അംബുലന്‍സ് തടഞ്ഞു. ആര്‍ഡിഒ വരാതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
ഡിവൈഎസ്പിക്ക് മുകളിലുള്ള പോലീസ് ഒഫീസര്‍മാര്‍ സ്ഥലത്ത് എത്താത്തതും പ്രതിഷേധത്തിന് ഇടയാക്കി. നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലും മൃതദേഹം തടഞ്ഞുവച്ച് അനാദരവ് കാണിക്കുന്നതിലെ പ്രയാസം കണക്കിലെടുത്തും രാത്രി 12 മണിയോടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിട്ടുകൊടുത്തു.
സുധീഷിന്റെ മരണത്തില്‍ മാനസിക പീഡനം ഉണ്ടായതായി പ്രതിഷേധയോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് മാസ്റ്റര്‍ ആരോപിച്ചു. മരണത്തിന് മുമ്പ് സുധീഷ് ധരിച്ചിരുന്ന ചെയിന്‍, മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ കാണാതായതിലും ദുരൂഹതയുണ്ട്.
സുധീഷ് ജീവനൊടുക്കേണ്ട മറ്റു സാഹചര്യമൊന്നുമില്ലെന്ന് ബന്ധുക്കളും പറഞ്ഞു. കുടുംബ പ്രശ്നങ്ങള്‍ ഒന്നുമില്ല. സാമ്പത്തികമായും നല്ല നിലയിലാണ്. നാട്ടില്‍ പൊതുരംഗത്തും ഇടപെടുന്ന ആളായിരുന്നു സുധീഷ് എന്ന് നാട്ടുകാര്‍ പറഞ്ഞു. പിതാവ്: കൃഷ്ണന്. മാതാവ്: ജാനു. ഭാര്യ: സിനി( നരിപ്പറ്റ സ്കൂള്‍ അധ്യാപിക). മക്കള്‍: ജഗത്കൃഷ്ണ. ഒരു വയസുകാരന് ആണ്‍കുട്ടി.സഹോദരന്: സുരേന്ദ്രന് (നാദാപുരം പോലീസ് സ്റ്റേഷന്).