ജോണ്സണ് വേങ്ങത്തടം
കൊച്ചി: മേലധികാരികളുടെ പീഡനവും മാനസികസമ്മർദവും മൂലം സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ എണ്ണം വർധിക്കുന്നു. അഞ്ചു വർഷത്തെ കണക്കനുസരിച്ച് ആത്മഹത്യ ചെയ്തതു 64 പോലീസുകാർ. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ചു 2014ൽ ഒൻപത്, 2015ൽ അഞ്ച്, 2016ൽ 13, 2017ൽ 14, 2018ൽ 13 ഉദ്യോഗസ്ഥർ വീതമാണ് ജീവനൊടുക്കിയത്. 2019ൽ ഇതുവരെ പത്തു പോലീസുകാർ ആത്മഹത്യ ചെയ്തു.
പാലക്കാട് ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനംമൂലം കല്ലേക്കാട് എആർ ക്യാന്പിലെ പോലീസുകാരൻ കുമാർ മരിച്ചതിന്റെ മുറിവുണങ്ങുന്നതിനു മുന്‍പാണ് ഇന്നലെ ആലുവ തടിയിട്ടപറന്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ തൂങ്ങി മരിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് എറണാകുളം നോർത്ത് സ്റ്റേഷനിലെ പ്രബേഷണറി എസ്ഐ ഗോപകുമാർ ആത്മഹത്യ ചെയ്തത്. മേലുദ്യോഗസ്ഥരുടെ സമ്മർദം മൂലമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നു ഗോപകുമർ കത്തെഴുതി വച്ചിരുന്നു.
സന്പത്ത് വധക്കേസ് അന്വേഷിച്ച ഡിവൈഎസ്പി ഹരീദത്ത്, പൂന്തുറ പോലീസ് സ്റ്റേഷനിലെ പ്രസന്നൻ, പൂജപ്പുര പോലീസ് സ്റ്റേഷനിലെ അരുണ്‍, കടവന്ത്ര സ്റ്റേഷനിലെ എഎസ്ഐ പി.എം. തോമസ്, തിരുവനന്തപുരം സിറ്റി എആർ ക്യാന്പിലെ ബാൻഡ് വിഭാഗം എസ്ഐ ക്രിസ്റ്റഫർ ജോയി ഇവരെല്ലാം മാനസികപീഡനം മൂലം ജീവനൊടുക്കിയവരിൽ ചിലർ മാത്രം.
പോലീസുകാരുടെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്നു തുടർച്ചയായ ആത്മഹത്യകൾ തെളിയിക്കുന്നു. ജോലിഭാരം, പരസ്യമായ അപമാനം, അവധി കിട്ടാതിരിക്കൽ തുടങ്ങിയവയൊക്കെയാണു പോലീസുകാർ നേരിടുന്ന പ്രധാനപ്രശ്നങ്ങൾ. അടിമപ്പണി പോലീസിൽ അനുവദിക്കില്ലെന്നു ഡിജിപി പറയുന്പോഴും ഇപ്പോഴും ഒട്ടുമിക്ക കീഴുദ്യോഗസ്ഥരും മേലുദ്യോഗസ്ഥന്റെ അടിമയെപോലെയാണു സർവീസിൽ കഴിയുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്.
ജോലി ഉപേക്ഷിച്ചുപോകുന്നവരും മാനസിക രോഗാവസ്ഥയുമായി ജീവിതത്തോടു പടപൊരുതുന്നവരും നിരവധി. ഡ്യൂട്ടിക്കിടയിൽ അക്രമത്തിനിരയായി സേവനം തുടരാൻ കഴിയാതെ കിടപ്പിലായ പോലീസുകാരുമുണ്ട്. ആത്മഹത്യകളുടെ എണ്ണം കൂടുന്നെങ്കിലും പോലീസുകാരുടെ ജോലിഭാരവും അവർ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങളും ശാസ്ത്രീയമായി പഠിക്കാനുള്ള ശ്രമങ്ങളില്ല.
എറണാകുളത്ത് നേരത്തെ എസ്ഐ ആത്മഹത്യചെയ്ത സംഭവം വിവാദമായതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെ ജോലി സമ്മർദത്തെക്കുറിച്ചു പഠിക്കാൻ ഡിജിപി സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായിട്ടില്ല.
അതേസമയം മാനസികസംഘർഷം കുറയ്ക്കുന്നതിന് അത്തരം ഉദ്യോഗസ്ഥരെ കണ്ടെത്തി അവർക്കു കൗണ്‍സിലിംഗ് നടത്താനും മാസത്തിൽ ഒരുതവണ അടുത്തുള്ള പബ്ലിക് ഹെൽത്ത് സെന്ററിലോ സർക്കാർ ആശുപത്രിയിലോ മെഡിക്കൽ പരിശോധന നടത്താനുമുള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. അതു ഫലപ്രദമല്ലെന്നാണ് ആത്മഹത്യകളുടെ എണ്ണ വർധന ചൂണ്ടിക്കാട്ടുന്നത്.