അടിമാലി: വിഷംഉള്ളില്ചെന്ന് ചികിത്സയിലായിരുന്ന അടിമാലി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ്. റെജി (46) മരിച്ചു. പാലക്കാട് സ്വകര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് വിഷം കഴിക്കാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ വാട്ട്സ് ആപ്പില്‍ റെജിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ മറ്റൊരു പോലീസ് ഓഫീസര്‍ ട്രോള്‍ പ്രചരിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ അടിമാലി സ്റ്റേഷനിലെ എഎസ്ഐയെ സസ്പെന്‍ഡ് ചെയ്ത ദിവസമാണ് ലീവെടുത്ത് റെജി സ്റ്റേഷനില്‍നിന്ന് പോയത്. രണ്ട് ദിവസമായി റെജിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ ഭാര്യ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.
തുടര്‍ന്ന് അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് റെജി വിഷം കഴിച്ച് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അടിമാലി എസ്ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. തുടര്‍ന്ന് മജിസ്ട്രേറ്റും മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് പറഞ്ഞിരുന്നു.
റെജിയുടെ ഭാര്യ റോഷ്നി ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ വാട്ട്സ് ആപ്പ് വിവാദത്തില്‍ സസ്പെന്‍ഷനിലായ എഎസ്ഐ സന്തോഷ് ലാലിന്റെ സമ്മര്‍ദമാണ് തന്റെ ഭര്‍ത്താവിന്റെ തിരോധാനത്തിന് കാരണമെന്ന് പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച് അടിമാലി സിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് പത്തിന് സന്തോഷ് ലാലിനെ സസ്പെന്റു ചെയ്തു. 11-ന് റെജി സ്റ്റേഷനില്‍നിന്നും ലീവെടുത്തു. എന്നാല്‍ വീട്ടിലെത്തിയില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷിച്ചപ്പോള്‍ മൂന്നാറില്‍ എത്തിയതായി വിവരം ലഭിച്ചു.
പിന്നീട് മൊബൈല്‍ സിഗ്നലും ലഭിക്കാതായി. റെജി മറയൂര്‍ വഴി തമിഴ്നാട്ടിലും പിന്നീട് പാലക്കാട്ടുമെത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പഴയരിക്കണ്ടം കണിയാംപറമ്പില്‍ കുടുംബാംഗമാണ് റെജി. ഭാര്യ റോഷ്നി. മക്കള്‍ പവിത്ര, പവന്. അടിമാലി മച്ചിപ്ലാവിലാണ് താമസം.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം പഴയരിക്കണ്ടത്ത് സംസ്കരിച്ചു.