അഞ്ചല്‍ : കിഴക്കന്‍ മലയോര മേഖലയില്‍ കവര്‍ച്ചയും കവര്‍ച്ച ശ്രമവും തുടരുകയാണ്. അഞ്ചല്‍ പൊടിയാട്ടുവിള റേഷന്‍ കട ജംഗ്ഷനില്‍ ചരുവിള പുത്തന്‍ വീട്ടില്‍ തിരുവനന്തപുരം ട്രാഫിക് എസ്പി ജോണ്‍കുട്ടിയുടെ കുടുംബ വീട്ടിലും, അയൽവാസിയാ കാർമ്മലിൽ കുഞ്ഞുമോള്‍ എന്നിവരുടെ വീട്ടിലുമാണ് ഇന്നലെ പുലര്‍ച്ചെ കവര്‍ച്ച നടന്നത്.
കവര്‍ച്ചയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. കവര്‍ച്ച നടന്ന വീടുകളില്‍ നിന്നും മണം പിടിച്ച പോലീസ് നായ തൊട്ടടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ഓടി കയറിയിരുന്നു. ഇവിടെ അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം ജോലി ചെയ്യുന്നുണ്ട്. ഇതിനാല്‍ തന്നെ ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെയുള്ള ചിലരുടെ വിരലടയാളങ്ങള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. പുനലൂർ ഡി.വൈ.എസ്.പി അനിൽ.എസ്.ദാസിന്റെ നേതൃത്വത്തിൽ അഞ്ചൽ പോലീസാണ് അന്വേഷണം നടത്തുന്നത്.അതേസമയം കിഴക്കന്‍ മേഖലയില്‍ കവര്‍ച്ചയും കവര്‍ച്ച ശ്രമവും വര്‍ദ്ധിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി ഉയര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അഞ്ചല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്റെ ബൈക്ക് മോഷ്ട്ടിച്ചയാളെ പോലീസ് കണ്ടെത്തിയത്. പോലീസിന്റെ രാത്രികാല പെട്രോളിംഗ് ശക്തമല്ലെന്ന ആരോപണമാണ് നാട്ടുകാര്‍ക്കുള്ളത്.