തൃശൂർ: ബിജെപിക്കാരനായ അഭിഭാഷകന്റെ വധഭീഷണിയുള്ള അറുപത്തേഴുകാരിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം നെയ്യാറ്റിൻകര തൊഴൂക്കൽ സ്വദേശി സുകുമാരി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എ.എം. ഷഫീക്ക്, പി. സോമരാജൻ എന്നിവർ പോലീസ് സംരക്ഷണം നൽകാൻ ഉത്തരവായത്.
പലതവണ ഫോണിലൂടെ കൊല്ലുമെന്നും വീട്ടിലെ സ്ത്രീകളെ മാനഭംഗ പ്പെടുത്തുമെന്നും ഭീഷണി മുഴക്കിയെന്ന പരാതിയിൽ തൃശൂർ മണ്ണംപേട്ട സ്വദേശി ഗുരുവായൂരപ്പനെതിരേയാണു കേസ്. ഗുണ്ടകളുമായി എത്തി അക്രമിക്കുമെന്ന ഭീഷണിയുള്ളതിനാൽ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് വയോധികയായ സുകുമാരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.
സുകുമാരിയും കുടുംബവും താമസിക്കുന്ന പ്രദേശത്ത് പോലീസിന്റെ നിരന്തര നിരീക്ഷണം ഉണ്ടാകണമെന്ന്് കോടതി പോലീസിനു നൽകിയ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. പ്രതി ഗുരുവായൂരപ്പനു പോലീസ് നോട്ടീസ് അയച്ചിട്ടും ഹാജരായിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിച്ചു.
ഡിജിപി അടക്കമുള്ള പോലീസ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ മേധാവിക്കുമാണു കോടതി സംരക്ഷണം നൽകണമെന്ന ഉത്തരവോടെ നോട്ടീസ് നൽകിയത്.