കൊച്ചി: സിഎ വിദ്യാർഥിനി കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൃത്യവിലോപത്തിനു എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു സസ്പെൻഷൻ. മിഷേലിനെ കാണാതായെന്ന പരാതിയിൽ കേസെടുക്കാൻ വൈകിയതിനു സെൻട്രൽ സ്റ്റേഷനിലെ ജിഡി (ജനറൽ ഡയറി) ചുമതലയുണ്ടായിരുന്ന സീനിയർ സിപിഒ അബ്ദുൾ ജലീലിനെയാണ് സസ്പെൻഡ് ചെയ്തത്. സെൻട്രൽ എസ്ഐ എസ്.വിജയശങ്കറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മീഷണർ നിർദേശിച്ചു.
കേസിന്റെ തുടക്കം മുതൽ പോലീസിന്റെ ഭാഗത്തുനിന്നു നിസഹകരണം മാത്രമായിരുന്നെന്ന് മിഷേലിന്റെ ബന്ധുക്കൾ പറഞ്ഞു. കുട്ടിയെ കാണാതായെന്നറിഞ്ഞ് എറണാകുളത്ത് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ തികഞ്ഞ അവഗണനയാണുണ്ടായത്. ഷാജിയും ഭാര്യം ലിസമ്മയും മിഷേൽ താമസിച്ചിരുന്ന ഹോസ്റ്റലിലെ രണ്ട് സിസ്റ്റർമാരും പരാതിയുമായി രാത്രിയിൽ ആദ്യമെത്തിയത് വനിതാ സ്റ്റേഷനിലാണ്. എന്നാൽ ഇവിടെ പരാതി സ്വീകരിക്കില്ലെന്നും തൊട്ടപ്പുറത്തുള്ള നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് പോകാനും ആവശ്യപ്പെട്ടു.
ഈ സ്റ്റേഷനിലെത്തിയപ്പോൾ സംഭവം നടന്ന ഏരിയ തങ്ങളുടെ പരിധിയിലല്ലെന്നും സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകാനും ആവശ്യപ്പെടുകയായിരുന്നു. സെൻട്രൽ സ്റ്റേഷനിലെത്തി 18 വയസുള്ള മകളെയാണ് കാണാതായിരിക്കുന്നതെന്നും മൊബൈൽ കൈവശമുള്ളതിനാൽ ടവർ ലോക്കേറ്റ് ചെയ്ത് കണ്ടെത്താൻ സാധിക്കുമോയെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ഷാജി ചോദിച്ചിരുന്നു. എസ്ഐയുടെ മെയിലിൽ നിന്ന് കമ്മീഷണറുടെ മെയിലിലേക്ക് മെസേജ് അയച്ചാലാണ് ടവർ ലൊക്കേറ്റ് ചെയ്യാൻ സാധിക്കുകയുള്ളു.
രാത്രിയായാലും അവിടെ കമ്മീഷണറുടെ മെയിൽ ഓപ്പണ് ചെയ്യാൻ സൈബർ സെൽ ഉദ്യോഗസ്ഥരുണ്ട്. എന്നാൽ എസ്ഐയുടെ പാസ് വേഡ് അറിയില്ലെന്നും എസ്ഐ രാവിലെ 8.30 നേ എത്തുകയുള്ളൂവെന്നും എസ്ഐയ്ക്കാണ് ഇതിൻറെ പാസ്വേഡ് അറിയാവുന്നതെന്നും പിറ്റേദിവസം വരാനുമാണ് നിർദേശമുണ്ടായത്. പിറ്റേദിവസം വീണ്ടും പോലീസിനെ സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. അന്വേഷിക്കുന്നുണ്ടെന്നുള്ള മറുപടിയാണ് ലഭിച്ചത്. വൈകുന്നേരം അഞ്ചോടെ കായലിൽ മൃതദേഹം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പിന്നെ പോലീസ് ബന്ധുക്കളെ വിളിക്കുന്നത്. ഇതാണ് ജലീലിനെതിരെ നടപടിയെടുക്കാൻ കാരണം.
പിറ്റേന്ന് രാവിലെ തന്നെ ഡ്യൂട്ടിക്കെത്തിയിട്ടും കേസെടുക്കാൻ താമസമുണ്ടായെന്നതാണ് എസ്ഐക്കെതിരെ ആരോപിച്ചിരിക്കുന്നത്. മറൈൻ ഡ്രൈവിലെ ശിവസേന ഗുണ്ടായിസം തടയുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സസ്പെൻഷനിലാണ് വിജയശങ്കർ. സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ എം.പി.ദിനേശാണ് നടപടിയെടുത്തത്.