തിരുവനന്തപുരം: അനധികൃത പാർക്കിംഗ് ചോദ്യം ചെയ്ത ട്രാഫിക് എഎസ്ഐയോട് മോശമായി പെരുമാറിയ സംഭവത്തിൽ നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് സസ്പെൻഷൻ.
സിഐ രാജേഷ്കുമാറിനെയാണ് ഫോർട്ട് എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഐജി ഹർഷിത അട്ടലൂരി സസ്പെൻഡ് ചെയ്തത്.
തിരുവന്തപുരം സിറ്റി ട്രാഫിക് എഎസ്ഐ ജവഹർ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 14 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെയും ഐജി ചുമതലപ്പെടുത്തി.
ഒക്ടോബർ ഒന്നിന് കിഴക്കേക്കോട്ട പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം. ക്ഷേത്രത്തിന് സമീപം സിഐയുടെ സ്വകാര്യവാഹനം അനധികൃതമായി പാർക്ക് ചെയ്തിരുന്നു.
കാർ മാറ്റിയിടാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവഹർ ആവശ്യപ്പെട്ടെങ്കിലും സിഐ തയ്യാറായില്ല. മൊബൈൽ ഫോണ് എടുത്ത് ജവഹർ കാറിന്റെ ചിത്രം എടുത്തതോടെ സിഐ പ്രകോപിതനായി.
ജവഹറിന്റെ കൈയിൽ നിന്നും ഫോണ് പിടിച്ചുവാങ്ങി സിഐ കാറിന്റെ ഡോർ അടച്ച് കാറിനുള്ളിൽ തന്നെ ഇരുന്നു.
കൂടുതൽ പോലീസ് എത്തിയ ശേഷമാണു രാജേഷ് പുറത്തിറങ്ങിയതും സിഐ ആണെന്ന വെളിപ്പെടുത്തിയതും.ഫോണ് തിരികെ നൽകിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും ജവഹറിന്റെ പരാതിയിൽ പറഞ്ഞിരുന്നു.