കൊച്ചി: കഞ്ചാവുപ്രതിയുടെ മൊഴിപ്രകാരം ആളുമാറി യുവാവിനെ പിടികൂടിയ സംഭവത്തില്‍ കൊച്ചി സിറ്റി പോലീസിലെ രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്.
ഏലൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിജോ, അയൂബ് എന്നിവരെയാണ് അന്വേഷണവിധേയായി സസ്പെന്‍ഡ് ചെയ്തത്.
കഞ്ചാവുകേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊബൈല്‍ഫോണ്‍ മുഖേന കഞ്ചാവ് വാങ്ങുന്നവരെ പിടികൂടാനുള്ള ശ്രമമാണ് പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയത്. കഞ്ചാവ് വാങ്ങുന്ന ആളോട് കളമശേരി അപ്പോളോ ജംഗ്ഷനില്‍ വരാന്‍ പ്രതിയെക്കൊണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ പറയിപ്പിച്ചു.
പ്രതിയെ മാറ്റി നിര്‍ത്തി വാങ്ങാന്‍ വരുന്നയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ ഓഫായി പോയി. അതേസമയം, കഞ്ചാവ് വാങ്ങാന്‍ വരുന്നവര്‍ ഹെല്‍മറ്റ് ധരിച്ചുവരുന്നതിനാല് ആളുടെ മുഖം കണ്ടിട്ടില്ലെന്നും മുടി നീട്ടി വളര്‍ത്തിയ ആളാണെന്നുമാണ് പ്രതി പറഞ്ഞത്.
ഈ സമയം ജംഗ്ഷനില്‍ മുടി നീട്ടി വളര്‍ത്തിയ ഒരാളെ പോലീസ് കണ്ടു. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ നിരപരാധിയായ തന്നെ കഞ്ചാവ് കേസില്‍ പിടികൂടിയെന്ന പരാതിയുമായി ഇദ്ദേഹം പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരും സസ്പെന്‍ഷനിലായത്.